ഗ്രാറ്റുവിറ്റി കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ സംസ്ഥാനത്ത് പൊതു അദാലത്ത് ഉടന്‍: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാറ്റുവിറ്റി കേസുകള്‍ക്കും അടിയന്തിരമായി പരിഹാരം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് തൊഴില്‍ -നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.വ്യവസായ തര്‍ക്ക നിയമപ്രകാരമുള്ള തൊഴില്‍ തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് അപ്പീല്‍ (സ്റ്റാന്റിംഗ് ഓര്‍ഡര്‍) എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പ്രഥമപരിഗണന നല്‍കി പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം തൊഴില്‍ ഭവനിലെ ലേബര്‍ കമ്മിഷണറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ പ്രവര്‍ത്തി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്പുകളിലും ഒരു മാസം നീണ്ടു നില്‍്ക്കുന്ന പരിശോധനാ -ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ , ലഹരിക്കെതിരെയുള്ള ബോധവത്കരണം, ശുചിത്വാവബോധം എന്നിവ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമൂലം നിരവധി തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതടക്കമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ ജീവന് സുരക്ഷ നല്‍കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മാണ സൈറ്റുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം.

മരം കയറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരമുള്ള് അപേക്ഷകളില്‍ സമയബന്ധിതമായി ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരവും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍, റിന്യൂവല്‍ എന്നിവ നൂറ് ശതമാനം കൈവരിക്കണം.സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ ഇരിപ്പിടാവകാശം പോലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.വേണ്ടത്ര പരിശോധന നടത്താതെ ചില ഉദ്യോഗസ്ഥര്‍ ചുമട്ടു തൊഴിലാളികള്‍ക്കുള്ള 26 എ കാര്‍ഡുകള്‍ നല്‍കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Top