‘പരീക്ഷാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങുന്നത് പുതിയ തീരുമാനമല്ല.’; ചോദ്യപേപ്പറിന് ഫീസ് വിവാദത്തില്‍ വി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യ പേപ്പറിന് പണം ഈടാക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചോദ്യ പേപ്പറുകള്‍ സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന രീതിയാണ് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നത്. ഫീസിളവിന് അര്‍ഹതയില്ലാത്ത പരീക്ഷാര്‍ത്ഥികളില്‍ നിന്ന് പത്ത് രൂപ വീതം ഹെഡ്മാസ്റ്റര്‍ മുഖാന്തിരം ഇടക്കുമെന്നും വി ശിവന്‍കുട്ടി.

പരീക്ഷാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങുന്നത് പുതിയ തീരുമാനമല്ല. മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന രീതി ഈ വര്‍ഷവും തുടര്‍ന്നുവെന്ന് മാത്രം. യുഡിഎഫിന്റെ കാലത്തും ഇതേ രീതി തന്നെയായിരുന്നു. 2013ലെ മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ പരിശോധിക്കാം. അതില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചിലവുകള്‍ക്കായി ഓരോ പരീക്ഷാര്‍ത്ഥിയില്‍ നിന്നും പത്ത് രൂപ വീതം ഫീസ് ഈടാക്കണമെന്ന നിര്‍ദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിനും വി ശിവന്‍കുട്ടി മറുപടി നല്‍കി. 2013ല്‍ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇതേ രീതിയില്‍ തുക ഈടാക്കിയതിന്റെ സര്‍ക്കുലറുണ്ട്. എന്നിട്ടും ഇങ്ങനെ പറയുകയാണെങ്കില്‍, സ്വന്തം ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന മിനിമം കാര്യം പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്ന് വേണം മനസിലാക്കാന്‍. അബ്ദുറബ്ബിന് മറവി രോഗം ഉണ്ടെന്ന് സംശയിക്കുന്നതായും ശിവന്‍കുട്ടി പരിഹസിച്ചു.

Top