സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പരിമിതികള്‍ക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്നും മന്ത്രി വിശദീകരിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം നടക്കുന്നത്. കൊവിഡ് മാനദണ്ഡം ഉള്ളതിനാല്‍ പഴയപോലെ വിദ്യാര്‍ത്ഥികളുടേും രക്ഷകര്‍ത്താക്കളുടേയും വന്‍ പങ്കാളിത്തം വേണ്ടെന്ന് വച്ചു. കൈറ്റ് വിക്ടേഴ്‌സില്‍ നടക്കുന്ന വെര്‍ച്വല്‍ പ്രവേശനോത്സവം ലൈവില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. അതിന് ശേഷം സംസ്ഥാന തല ഉദ്ഘാടനം പതിനൊന്ന് മണിക്ക് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഒരു പക്ഷേ നേരിട്ടോ അല്ലെങ്കില്‍ ഓണ്‍ലൈനായോ പങ്കെടുക്കും.

വിക്ടേഴ്‌സ് ചാനല്‍ വഴി പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീകരിക്കുമെന്നാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. സ്‌കൂള്‍ തല ഓണ്‍ ലൈന്‍ ക്ലാസ് ഘട്ടം ഘട്ടം ആയി മാത്രമെ നടപ്പാക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഡിജിറ്റല്‍ സൗകര്യങ്ങളും ഏത് രീതിയില്‍ പഠിപ്പിക്കണം എന്നും അടക്കമുള്ള കാര്യങ്ങളും വിശദമായി ആലോചിക്കും. ഒരുപക്ഷേ പത്താം ക്ലാസിലേക്ക് മാത്രമായി ഓണ്‍ലൈന്‍ സംവാദ ക്ലാസുകള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനം അടക്കം ഉണ്ടായേക്കും.

സംവാദ ക്ലാസ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകളില്‍ വേണ്ട ഭേദഗതി വരുത്തിയായിരിക്കും ക്ലാസുകള്‍ തുടങ്ങുക. ആദ്യം റിവിഷന്‍ ആയിരിക്കും നടത്തുക. ആദ്യ ആഴ്ച ബ്രിഡ്ജ് ക്ലാസുകളും കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാനും നടപടി എടുക്കും.

Top