സ്കൂൾ കലോത്സവം സംഗീത ശിൽപ വിവാദം: മുസ്ലിം ലീഗ് നേതാക്കളുടെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരും ഒരേ മനസോടെ മേള വിജയിപ്പിക്കാൻ ശ്രമിക്കണം. ഫസ്റ്റ് കോളിൽ തന്നെ മത്സരാർത്ഥികൾ വേദിയിൽ ഹാജരാകണം. അല്ലാത്തവരെ അയോഗ്യരാക്കാൻ സംഘാടകർക്ക് നിർദ്ദേശം നൽകി. മത്സരങ്ങൾ വൈകാതിരിക്കാൻ സമയ കൃത്യത പാലിക്കാൻ വേണ്ടിയാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമർശനം. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്ന് കെപിഎ മജീദ് വിമർശിച്ചു. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്‌ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും മജീദ് കുറ്റപ്പെടുത്തിയിരുന്നു.

Top