പൊതു വിദ്യാഭ്യാസ വകുപ്പ് ഡറക്ടറിന്റെ പരാമർശത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേട്ടം വര്‍ദ്ധിക്കുന്നുവെന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എസ് ഷാനവാസ് ഐഎഎസിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആഭ്യന്തര മീറ്റിങ്ങില്‍ പറയുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. പ്രചരിച്ച ശബ്ദരേഖയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

എ പ്ലസ് നേടുന്നവരില്‍ പല കുട്ടികള്‍ക്കും അക്ഷരം കൂട്ടിവായിക്കാന്‍ പോലും അറിയില്ല. അന്‍പത് ശതമാനം വരെ മാര്‍ക്ക് ഔദാര്യമായി നല്‍കാം, ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണമെന്നും ഡോ. എസ് ഷാനവാസ് ഐഎഎസിന്റെ ശബ്ദരേഖയിലുണ്ട്. വിഷയത്തില്‍ അധ്യാപക സംഘടനകളും എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകളും പ്രതിഷേധവുമായെത്തിയിരുന്നു.

നവംബര്‍ 22നു ചേര്‍ന്ന ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരുടെ യോഗത്തിലായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ നിരീക്ഷണങ്ങള്‍. എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നാണ് ഡോ. എസ് ഷാനവാസ് ഐഎഎസ് വിമര്‍ശിച്ചത്.

Top