ദത്ത് വിവാദം; ഷിജു ഖാന്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ശിവദാസന്‍ എംപി

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് പിന്തുണയുമായി വി ശിവദാസന്‍ എം പി. ഷിജു ഖാന്റെ ഭാഗത്ത് നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. ഷിജു ഖാനെതിരെ കല്‍പിത കഥകള്‍ കെട്ടിച്ചമയ്ക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ക്കെതിരെ തെളിവുകളില്ലെന്നും വി ശിവദാസന്‍ എം പി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഷിജൂഖാനെ ബാലസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ അറിയാം. ചെറിയ പ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുകയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുകയും ചെയ്ത ഷിജൂഖാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത് നീതിരഹിതമായ ആക്രമണമാണെന്ന് പറയാതിരിക്കാനാകില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകയേന്തി എന്ന ഒരൊറ്റ കാരണത്താല്‍ വലതുപക്ഷത്തിന്റെ നികൃഷ്ടമായ വേട്ടയാടലിന് ഒരു യുവാവിനെ വിട്ടു കൊടുക്കാന്‍ നമ്മള്‍ തയ്യാറാകരുത്.

ഒരാളെ തിരുത്താനും കൂടുതല്‍ മെച്ചപ്പെട്ടൊരു മനുഷ്യനായി മാറ്റാനും ഉള്ള വിമര്‍ശനങ്ങള്‍ ജനാധിപത്യ സമൂഹത്തിന്റെ കരുത്താണ്. എന്നാല്‍ ഷിജുവിന്റെ കാര്യത്തില്‍ നടന്നത് അതല്ല. എഴുത്തും പ്രഭാഷണവും പഠനവും ഗവേഷണവും എല്ലാം നിറഞ്ഞ, സജീവവും പുരോഗമന സമൂഹത്തിന് അഭിമാനകരവുമായ ജീവിതമാണ് ഷിജൂഖാന്റെത്. അയാള്‍ക്ക് തെറ്റുപറ്റില്ല എന്നല്ല. അയാള്‍ വിമര്‍ശിക്കപ്പെടരുത് എന്നുമല്ല. എന്നാല്‍ അതൊന്നും അയാളെ കുഴിവെട്ടി മൂടാന്‍ ആഗ്രഹിച്ചു കൊണ്ടുള്ളതാവരുത്.

ശിശുക്ഷേമ സമിതിയുടെ ഭാരവാഹി എന്ന നിലയില്‍ ചട്ടവിരുദ്ധമായ യാതൊന്നും ഷിജൂഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിന് വിരുദ്ധമായതൊന്നും ഇത്രയും ദിവസത്തിനുള്ളില്‍ തെളിയിക്കപ്പെട്ടിട്ടും ഇല്ല. ആരോപണങ്ങള്‍ക്കപ്പുറത്ത് കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നല്‍കിയതുമായ സംഭവത്തില്‍ അരുതാത്ത എന്തെങ്കിലും നീക്കം തന്റെ സ്ഥാനം കളങ്കപ്പെട്ടുത്തി ഷിജൂഖാന്‍ ചെയ്തതിന് വസ്തുതകളുടെ യാതൊരു പിന്‍ബലവുമില്ല.

എന്നാല്‍ എന്തെല്ലാം കല്‍പിത കഥകളാണ് ഈ ചെറുപ്പക്കാരന് എതിരെ കെട്ടിച്ചമയ്ക്കപ്പെട്ടത്.! അയാള്‍ അപേക്ഷ പോലും നല്‍കാത്ത അധ്യാപക പോസ്റ്റിലേക്ക് അയാളെ നിയമിക്കുവാന്‍ നീക്കം നടക്കുന്നുവെന്ന പെരും നുണ പോലും ചില മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി നല്‍കി. ആരെയാണ് നിങ്ങള്‍ ഭീകരവാദിയും അഴിമതിക്കാരനുമാക്കാന്‍ ശ്രമിക്കുന്നത്? ഇടതുപക്ഷത്തിന്റെ ഭാഗമാണ് എന്ന ഒറ്റ കാരണത്താല്‍ എന്ത് അസത്യവും പറഞ്ഞ് പരത്താമെന്നാണോ? അയാളുടെ യോഗ്യതകളും മനുഷ്യാവകാശവും റദ്ദ് ചെയ്യപ്പെടുമെന്നാണോ?

രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിശ്ചയമായും വിമര്‍ശിക്കപ്പെടണം. എന്നാല്‍ വസ്തുതകളോ യുക്തിയോ പരിഗണിക്കാതെ, മാര്‍ക്കറ്റ് കൂട്ടാനായി പടച്ചു വിടുന്ന വാര്‍ത്തകളുടെ ചൂണ്ടക്കൊളുത്തിലെ ഇരകളായി രാഷ്ട്രീയ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്താം എന്ന മോഹം നീചമാണ്. ജനാധിപത്യ സമൂഹം അതിന് കീഴടങ്ങരുത്.

Top