35 സംസ്ഥാനങ്ങള്‍ പരാമര്‍ശം; മനുഷ്യ സഹജമായ നാക്കുപിഴയെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിപറഞ്ഞതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ സഹജമായ നാക്കുപിഴയാണ് സംഭവിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

നാക്കുപിഴ ആര്‍ക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നില്‍. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല, സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ വിശദീകരിക്കന്നതിനിടെയാണ് വിദ്യാഭ്യാസമന്ത്രിക്ക് നാക്കുപിഴച്ചത്. മന്ത്രിയുടെ അറിവില്ലായ്മ എന്ന രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിച്ചു. പരിഹാസങ്ങള്‍ വ്യാപകമായതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.

Top