വിദ്യാർത്ഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനം: വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുകയാണ്. വിദ്യാർത്ഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനമാണ്. കെമിസ്ട്രി അധ്യാപകർ മാത്രമാണ് മൂല്യനിർണയ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

‘ഇതുവരെ ഒരപേക്ഷയോ പരാതിയോ രേഖാമൂലമോ അല്ലാതെയോ ഈ അധ്യാപകർ വകുപ്പിനെ അറിയിച്ചിട്ടില്ല. മൂല്യനിർണയം ദിവസം വരെ ആർക്കും പരാതിയില്ലായിരുന്നു. ഉത്തരക്കടലാസ് നോക്കിത്തുടങ്ങുമ്പോൾ മാത്രമാണ് അധ്യാപകർക്ക് പ്രശ്‌നം. പഠിച്ച് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ന്യായമായ മാർക്ക് നൽകുകയെന്നതാണ് സർക്കാർ നയം. അധ്യാപകർ വാരിക്കോരി മാർക്ക് നൽകിയാൽ വിദ്യാഭ്യാസ വകുപ്പിന് അംഗീകരിക്കാൻ കഴിയില്ല’. വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

കോടതി ഉത്തരവ് പ്രകാരം പരീക്ഷാ മൂല്യനിർണയത്തിൽ നിന്ന് ഒരു കാരണവശാലും അധ്യാപകർ വിട്ടുനിൽക്കാൻ പാടില്ലെന്നും മൂല്യനിർണയത്തിൽ പങ്കെടുക്കാതിരിക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അതേസമയം കെമിസ്ട്രി പരീക്ഷാ മൂല്യനിർണയത്തിൽ ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കും. മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത അധ്യാപകർക്ക് തിരുവനന്തപുരത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളിൽ നിന്ന് രണ്ട് അധ്യാപകർക്ക് വീതമാണ് നിർദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ മൂല്യനിർണയം ബഹിഷ്‌കരിക്കാത്ത അധ്യാപകർക്കാണ് അറിയിപ്പ് ലഭിച്ചതെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.

Top