v s joy- v s

മലമ്പുഴ: ഈ തെരഞ്ഞെടുപ്പില്‍ ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ക്ക് വന്ദ്യവയോധികനായ വിഎസ് വഴിമാറിക്കൊടുക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎസ് ജോയി. മലമ്പുഴ മണ്ഡലത്തില്‍ വിഎസിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിഎസ് ജോയിക്ക് മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിനിടെയാണ് വിഎസ് ജോയിയുടെ പ്രസ്താവന.

വിഎസ് വഴിമാറിക്കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ യന്ത്രങ്ങളല്ലെന്നു തെളിയിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും വിഎസ് ജോയി പറഞ്ഞു. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് വിഎസ് ജോയിയുടെ കന്നിമത്സരമാണ് മലമ്പുഴയിലേത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയി പ്രചരണത്തിനായി മണ്ഡലത്തിലെത്തിയത്. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വിഎസ് ജോയിയെ സ്വീകരിക്കാനെത്തിയിരുന്നു.

വി എസ് ജോയിലൂടെ ഇടതുകോട്ട പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. 2001ല്‍ വിഎസിനെ സതീശന്‍ പാച്ചേനി വിറപ്പിച്ച പോലെ വി എസ് ജോയിയ്ക്ക് സാധിക്കുമോയെന്നറിയാനാണ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. ഇന്നലെ ഔദ്യോഗിക പ്രചരണത്തിന് തുടക്കം കുറിച്ച രണ്ടുപേര്‍ക്കും വന്‍വരവേല്‍പാണ് ഇരു മുന്നണികളും നല്കിയത്.

വിജയം തേടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് മലമ്പുഴയില്‍ ഔദ്യോഗിക പ്രചരണത്തിനായി ആദ്യമെത്തിയത്. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി വിഎസ് പ്രചരണത്തിന് തുടക്കം കുറിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ആവേശം കൊണ്ടു. പാലക്കാട് ടൗണ്‍ ഹാളില്‍നടന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ തന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ വിഎസ് ഇനി മണ്ഡലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തമാക്കി.

Top