v.s designation; pinarayi statement

pinarayi

ന്യൂഡല്‍ഹി :വി.എസിന് പദവി നല്‍കുന്നതു സംബന്ധിച്ച വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ .

ആലങ്കാരിക പദവികള്‍ വേണ്ടെന്നും പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ മതിയെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടു വിഎസ് വ്യക്തമാക്കിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ടായി.

വിഎസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാമെന്നു സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു.

എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല. തീരുമാനം നടപ്പാക്കാത്തതിലെ ശരികേട് കഴിഞ്ഞ ദിവസം യെച്ചൂരി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഉന്നയിച്ചിരുന്നു.

ആലങ്കാരിക പദവികള്‍ വേണ്ടെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിനുമുന്‍പു യെച്ചൂരിയെക്കണ്ട് വിഎസ് വ്യക്തമാക്കിയെന്നാണു റിപ്പോര്‍ട്ടുകളുണ്ടായത്.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഎസിനെ തിരികെ പ്രവേശിപ്പിക്കണമെങ്കില്‍ കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മിഷന്റെ നടപടി പൂര്‍ത്തിയാവണമെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.

വിഎസിന്റെ പദവിയുമായി ബന്ധപ്പെടുത്തി, പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവാകുന്ന കാബിനറ്റ് റാങ്ക് നല്‍കുന്നത് ഉചിതമാണോയെന്നു ചോദിച്ചപ്പോള്‍, വിഷയം സര്‍ക്കാരിനു മുന്നില്‍ വരുമ്പോള്‍ പരിശോധിക്കുമെന്നു പിണറായി പറഞ്ഞു.

മനസ്സും സന്നദ്ധതയുമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തിനു പ്രായം തടസ്സമല്ല. സെക്രട്ടേറിയറ്റിലേതുള്‍പ്പെടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഭരണപരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതിനു ഭരണപരിഷ്‌കാര കമ്മിഷനെ നിയോഗിക്കുമോയെന്നു ചോദിച്ചപ്പോള്‍, പഴയ നിര്‍ദേശങ്ങളുള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ വേണമോയെന്നതു പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരോട് ഏതെങ്കിലും തരത്തിലുള്ള പകപോക്കല്‍ രീതിയുണ്ടാവില്ല; സ്ഥലംമാറ്റത്തെക്കുറിച്ച് അനാവശ്യ ഭീതി വേണ്ട. പ്രതിഫലം വാങ്ങുന്നവരും അല്ലാത്തവരുമായ കൂടുതല്‍ ഉപദേശകരെ നിയമിച്ചേക്കും.

പാര്‍ട്ടിക്കാരാണോയെന്നതല്ല ഉപദേശകരാകുന്നതിനു മാനദണ്ഡമാക്കുകയെന്നും പിണറായി പറഞ്ഞു.

Top