v.s demanded party status

ന്യൂഡല്‍ഹി : ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവിക്കൊപ്പം പാര്‍ട്ടി പദവിയും തിരിച്ചുവരണമെന്ന ആവശ്യവുമായി വി.എസ്.അച്യുതാനന്ദന്‍.

സമ്മര്‍ദതന്ത്രത്തിനു വഴങ്ങില്ലെന്നും എആര്‍സി രൂപീകരിച്ചാലുടനെ അധ്യക്ഷപദവി ഏറ്റെടുക്കാന്‍ വിഎസ് തയാറായില്ലെങ്കില്‍ ഒന്നും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പൊളിറ്റ്ബ്യൂറോ കമ്മിഷന്റെ നടപടികള്‍ പൂര്‍ത്തിയാകാത്തതാണു വിഎസിനു സെക്രട്ടേറിയറ്റിലേക്കു തിരിച്ചുവരാനുള്ള തടസ്സം. കഴിഞ്ഞ മാസാവസാന ആഴ്ചയില്‍ വിഎസും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇതു ചര്‍ച്ചയായിരുന്നു.

ഒരാഴ്ചയ്ക്കകം നടപടിയെടുക്കാമെന്നു കാരാട്ട് ഉറപ്പുനല്‍കിയെന്നാണു വിഎസുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, വേഗത്തില്‍ നടപടിയെടുക്കാമെന്നു മാത്രമെ കാരാട്ട് പറഞ്ഞിട്ടുള്ളൂവെന്നു നേതാക്കള്‍ സൂചിപ്പിച്ചു. ഇരട്ടപ്പദവി പ്രശ്‌നപരിഹാരത്തിനുള്ള നിയമഭേദഗതി കഴിഞ്ഞദിവസം നിയമസഭ പാസാക്കി.

എആര്‍സി രൂപീകരണത്തിനുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്നാണു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, പാര്‍ട്ടിയിലെ കാര്യങ്ങളില്‍ക്കൂടി തീരുമാനമായിട്ടുമതി എആര്‍സി പദവിയെന്നു വിഎസിന്റെ ഭാഗത്തുനിന്നു ചുവടുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇതു നേരത്തെയുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണെന്നും പിണറായിപക്ഷ നേതാക്കള്‍ സൂചിപ്പിച്ചു.

വിഎസിന് ഉചിതമായ സ്ഥാനം നല്‍കാന്‍ ഉദ്ദേശിച്ചു മാത്രമുള്ളതാണ് എആര്‍സി രൂപീകരണം.
പാര്‍ട്ടിയിലെ പ്രശ്‌നംതീര്‍ക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നുവെന്നു പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു കഴിഞ്ഞു. ഇതു പാര്‍ട്ടിക്കു മാത്രമല്ല വിഎസിനും വല്ലായ്മയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, പദവി ഏറ്റെടുക്കാമെന്നു വിഎസ് വ്യക്തമാക്കിയശേഷം മാത്രമാണു മന്ത്രിസഭാതീരുമാനമുണ്ടായത്. അതുകൊണ്ടുതന്നെ തുടര്‍നടപടിയുണ്ടാകുമ്പോള്‍ വിഎസ് ചുവടുമാറ്റുന്നതു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടിയായി വിലയിരുത്തേണ്ടി വരുമത്രേ.

പിബി കമ്മിഷനു മുന്നില്‍ വിഎസിനെതിരെ സംസ്ഥാനസമിതിയുടെ പരാതിയുണ്ട്, വിഎസിന്റെ പരാതിയുണ്ട്, വിഎസിനെതിരെ ഏതാനും നേതാക്കള്‍ നല്‍കിയ പരാതികളുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍നിന്നു വിഎസ് ഇറങ്ങിപ്പോയതു സംബന്ധിച്ചുള്‍പ്പെടെയുള്ളതാണു പരാതികള്‍. പിബി ഈമാസം 30നും 31നും ചേരുന്നുണ്ട്.

അപ്പോള്‍ പിബി കമ്മിഷനും ചേരാന്‍ ആലോചനയുണ്ട്. എന്നാല്‍, കമ്മിഷന്‍ ശരിതെറ്റുകള്‍ വിലയിരുത്തുമ്പോള്‍ തീരുമാനം വിഎസിന് അനുകൂലമായിരിക്കുമെന്നു പ്രവചിക്കാനാവില്ലെന്നു നേതാക്കള്‍ പറഞ്ഞു. വിഎസിന് അനുകൂലമാണെങ്കില്‍തന്നെ, തീരുമാനങ്ങള്‍ ആദ്യം പിബിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതനുസരിച്ചു സംസ്ഥാനസമിതിയില്‍ വിഎസിനെ ഉള്‍പ്പെടുത്താന്‍ തീരുമാനമുണ്ടാകണം.

അതു കേന്ദ്രകമ്മിറ്റി അംഗീകരിക്കണം. അതിനുശേഷം മാത്രമെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കാനാകൂ. ഇത് ഉടനെ സംഭവിച്ചാല്‍ മാത്രമെ എആര്‍എസി അധ്യക്ഷപദവി ഏറ്റെടുക്കുകയുള്ളുവെന്നാണെങ്കില്‍, അത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കം മാത്രമാവും. അതാണു സംഭവിക്കുന്നതെങ്കില്‍ എആര്‍സി അധ്യക്ഷസ്ഥാനത്തേക്കു മറ്റാരെയെങ്കിലും പരിഗണിക്കേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു

Top