V S aimed Pinarayi Vijayan Development related with agriculture

തിരുവനന്തപുരം: തൊഴിലാളി- കര്‍ഷക സഖ്യത്തിലൂന്നി നവീന കാര്‍ഷിക വിപ്ലവത്തെ അച്ചുതണ്ടായി കണ്ടുകൊണ്ടുള്ള വികസനത്തിലൂടെ നവീന കേരളം കെട്ടിപ്പടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വി.എസ് അച്യുതാനന്ദന്‍.

ഫിനാന്‍സ് മൂലധന ശക്തികളെ പ്രതിരോധിച്ചുകൊണ്ട് നവീന കേരളം കെട്ടിപ്പടുക്കലാണ് കമ്യൂണിസ്റ്റുകാരുടെ കടമയെന്ന് ഓര്‍മ്മിപ്പിക്കുന്ന ലേഖനമാണ് വി.എസ് ഇന്നത്തെ മാതൃഭൂമിയില്‍ എഴുതിയത്.

വികസനത്തിനെതിരെയുള്ള കടുംപിടുത്തങ്ങളെ വരട്ടുതത്വവാദങ്ങളെന്നു പറഞ്ഞ പിണറായി നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ വ്യവസായി, വ്യാപാരി പ്രമുഖന്‍മാരുമായി ചായ സല്‍ക്കാരം നടത്തിയാണ് കേരളത്തിന്റെ വികസന കാര്യങ്ങളില്‍ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും ആരാഞ്ഞത്. അതിരപ്പള്ളി പദ്ധതിയിലടക്കം പരിസ്ഥിതി വാദികളെ പരിസ്ഥിതി മൗലികവാദികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. ദേശീയ പാത 45 മീറ്ററില്‍ നാലുവരിയാക്കാനും ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കുമെന്നുമാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദേശീയ പാത വികസനം 30 മീറ്ററില്‍ മതിയെന്ന നിലപാടാണ് ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കമുള്ള ഇടതുസംഘനകള്‍ക്ക്. കൃഷിഭൂമി നഷ്ടമാകുമെന്നും കൂടുതല്‍ പേര്‍ക്ക് വീടും തൊഴിലും വരുമാനമാര്‍ഗവും നഷ്ടമാകുമെന്നും 30 മീറ്ററില്‍ ദേശീയ പാത വികസനം നടപ്പാക്കാനാവുമെന്നാണ് പരിഷത്ത് നിലപാട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മര്‍ദ്ദമുണ്ടായിട്ടുപോലും തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഗെയിലിന്റെ വാതക പൈപ്പ് ലൈനിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്തുവരുന്നതിനെതിരെ ഇടതുപക്ഷത്തുതന്നെ എതിര്‍പ്പുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകളുമായി സഹകരിച്ചുള്ള വികസനനയമാണ് പിണറായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

ഇതിനെതിരെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമവും, കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം മുഴക്കി കുടിയാന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം നല്‍കിയപ്പോള്‍ അത് വികസനമുരടിപ്പിക്കുന്ന നയമാണെന്ന് കുത്തകമുതലാളിമാരും ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗവും ആക്ഷേപിച്ചതാണെന്നും ഓര്‍മ്മിപ്പിച്ചാണ് വി.എസിന്റെ ലേഖനം.

പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ പിടിച്ചെടുത്ത് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പുനസംഘടിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റായുടെയും ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെയും അടക്കം കൈയ്യിലുള്ള ആയിരക്കണക്കിന് ഏക്കര്‍ തോട്ടങ്ങളാണ് പാട്ടക്കാലാവധി കഴിഞ്ഞും കരാര്‍ ലംഘിച്ചുമുള്ളത്. ഇവ പിടിച്ചെടുക്കല്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും.

ചെറുതും വലുതുമായ കര്‍ഷക, കര്‍ഷകതൊഴിലാളി ഉല്‍പാദക സഹകരണസംഘങ്ങള്‍ എല്ലാ തലങ്ങളിലും സംഘടിപ്പിച്ച് നവീന കാര്‍ഷിക വിപ്ലവം അച്ചുതണ്ടാക്കിയുള്ള നവീന കേരളം കെട്ടിപ്പടുക്കണമെന്നാണ് വി.എസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ നിലപാടല്ല വികസന കാര്യത്തില്‍ പിണറായിക്കുള്ളത്.

Top