v.s aganist omman chandi government

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം തടസ്സപ്പെടുത്തുന്ന ഉത്തരവ് ഇറക്കുകവഴി വിമാനത്താവളത്തിന്റെ ഉച്ചിയില്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണിയടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്താവളത്തിന് സമീപത്ത് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ചിട്ടുള്ള എല്ലാ ബഹുനില കെട്ടിടങ്ങള്‍ക്കും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് വിമാനത്താവള വികസനത്തെയും അട്ടിമറിച്ചിരിക്കുന്നത്. മാര്‍ച്ച് 4ന് ചേര്‍ന്ന അവസാന മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ട മറ്റു നിരവധി നിയമവിരുദ്ധ തീരുമാനങ്ങളുടെ കൂട്ടത്തിലാണ് ഈ തീരുമാനവും കൈക്കൊണ്ടിട്ടുള്ളത്.

വിമാനത്താവളത്തിന് ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തുന്ന കെട്ടിട നിര്‍മ്മാണം 1934ലെ എയര്‍ക്രാഫ്റ്റ് കേന്ദ്ര ആക്ടിന്റെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പാടുള്ളൂ എന്ന് കേന്ദ്ര വ്യോമയാന വകുപ്പ് 2010 ജനുവരി 14ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിക്കുന്ന കെട്ടിടങ്ങള്‍ ഇടിച്ചു കളയാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അധികാരവുമുണ്ട്. എന്നാല്‍ ഈ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങള്‍ 2010 ജനുവരി 14ന് ശേഷമാണ് പ്രാബല്യത്തില്‍ വന്നതെന്ന സാങ്കേതികത്വം പറഞ്ഞാണ് ഇപ്പോള്‍ ഈ പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത്തരം കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക വഴി രാജ്യത്തെ ചുരുക്കം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന സാധ്യതകള്‍ പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണ്. എന്നുമാത്രമല്ല, ഇത്തരം ബഹുനില കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത് അപകട സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഈ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ റദ്ദാക്കണം. അതോടൊപ്പം അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഇടിച്ചു കളയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

Top