മറ്റൊരു ‘ദുരന്ത’മായി റവന്യൂ വകുപ്പ് മന്ത്രി, താരങ്ങളായത് എം.എല്‍.എയും വി.എസും

വി.എസിന്റെ പ്രതികരണത്തോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ നിലപാട് അല്‍പ്പത്തവും ജനവിരുദ്ധവുമാണ്. വി.എസിനെ നിഷേധിക്കാനുള്ള അര്‍ഹതയൊന്നും ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമില്ല. നില മറന്ന് പെരുമാറുന്നത് ആരായാലും വകവച്ച് തരാന്‍ കേരളത്തിന് കഴിയുകയുമില്ല.

ഓരോരുത്തരും പറയുന്നത് കേട്ട് സര്‍ക്കാരിന് നിലപാട് പറയാന്‍ പറ്റില്ലെന്ന് പറയാന്‍ ചന്ദ്രശേഖരന് എന്താണ് അധികാരം ? പരിസ്ഥിതി ലോല മേഖലകളിലെ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നത് ജനങ്ങളുടെയാകെ ആവശ്യമാണ്. ദുരന്തത്തിന്റെ ഭീകരത മനസ്സിലായിട്ടും ഇത്തരമൊരു മറുപടി മന്ത്രി പറഞ്ഞത് ധിക്കാരമാണ്. അത് ഒരിക്കലും ഇടതുപക്ഷ നിലപാടാകാന്‍ സാധ്യതയില്ല. നാടും ജനങ്ങളും നിലനിന്നാലേ ഭരിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ ഉണ്ടാകൂയെന്ന് സി.പി.ഐക്കാരനായ മന്ത്രി മനസ്സിലാക്കണം. വി.എസിന്റെ പാര്‍ട്ടിയുടെ ശക്തി കൊണ്ടാണ് ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് നിന്നും വിജയിച്ചതും മന്ത്രിയായതുമെല്ലാം. ഇക്കാര്യം ഒരിക്കലും മറന്ന് പോകരുത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വി.എസ് പ്രകടിപ്പിച്ചത് നാടിന്റെ വികാരമാണ്. കുന്നുകളും മലകളും ഇടിച്ച് നിരത്തുന്നതും തണ്ണീര്‍തടങ്ങള്‍ ഇല്ലാതാകുന്നതുമാണ് പ്രകൃതിക്ഷോഭത്തിന് കാരണമെന്നത് പകല്‍ പോലെ വ്യക്തവുമാണ്. ഇക്കാര്യം തുറന്ന് പറയാന്‍ വി.എസിനെ പോലെയുള്ള ജന നേതാക്കള്‍ക്ക് അവകാശമുണ്ട്. അതിന് ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത ചന്ദ്രശേഖറിന്റെ ഔദാര്യം അദ്ദേഹത്തിന് ആവശ്യമില്ല. റവന്യൂ മന്ത്രി എന്ന നിലയില്‍ നിങ്ങള്‍ ഒരു വലിയ പരാജയമാണ്. അത് മറച്ച് വയ്ക്കാന്‍ എന്തെങ്കിലുമൊക്കെ പുലമ്പിയിട്ട് ഒരു കാര്യവുമില്ല.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് നിര്‍ണ്ണായക ഇടപെടല്‍ നടത്തികൊണ്ടിരിക്കുന്നത്. അല്ലാതെ റവന്യൂ മന്ത്രിയല്ല. കൂടുതല്‍ കാര്യം ഇനി പറയിപ്പിക്കരുത്. നിരവധി വന്‍കിട പാറമടകള്‍ അനധികൃതമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് പ്രധാന ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണ്. ഇക്കാര്യം വകുപ്പ് മന്ത്രി മനസ്സിലാക്കുന്നത് നല്ലതാണ്.

കൂട്ടുകക്ഷി ഭരണമാണെങ്കിലും റവന്യൂ വകുപ്പിനെ പോലെയുള്ള സുപ്രധാന വകുപ്പ് ഒരിക്കലും ഘടകകക്ഷികള്‍ക്ക് സി.പി.എം വിട്ടുകൊടുക്കരുതായിരുന്നു. വലിയ വീഴ്ചയാണ് ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഓരോ പാര്‍ട്ടിക്കും അവരുടെ ശക്തിക്ക് അനുസരിച്ചുള്ള പരിഗണനയാണ് കൊടുക്കേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ ചന്ദ്രശേഖരന്റെ ഈ വിടുവായിത്തം നാടിന് കേള്‍ക്കേണ്ടി വരുമായിരുന്നില്ല. വി.എസ് എന്ന കമ്യൂണിസ്റ്റിന്റെ പേര് ഉച്ചരിക്കാനുള്ള അര്‍ഹത പോലും മന്ത്രി ചന്ദ്രശേഖരനില്ല എന്ന് കൂടി ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്.

കേരളത്തെ സംബന്ധിച്ച് വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തോടൊപ്പം തിരുത്തല്‍ നടപടികളും നിലവില്‍ അനിവാര്യമാണ്. അതിനാണ് നാട് ഒറ്റക്കെട്ടായി ശ്രമിക്കേണ്ടത്. എന്നാല്‍ ചിലര്‍ ഈ ദുരിതത്തെ പോലും സ്വന്തം നേട്ടത്തിന് വേണ്ടി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. കയ്യേറ്റക്കാരായ എം.എല്‍.എമാരും നായകരാകാന്‍ ശ്രമിക്കുന്ന കാലമാണിത്. കലികാലം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ മറ്റൊന്നും തന്നെയില്ല. ഇത്തരം ആളുകളെ ജനങ്ങളാണ് തിരിച്ചറിയേണ്ടത്.

ഈ പ്രകൃതിദുരന്തത്തില്‍ ഏറ്റവും അധികം കഷ്ടപ്പെട്ട ഒരു ജനപ്രതിനിധിയുണ്ടെങ്കില്‍ അത് സി.കെ ശശീന്ദ്രനാണ്. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് എങ്ങനെയായിരിക്കണം എന്നറിയണമെങ്കില്‍ ഈ കല്‍പ്പറ്റ എം.എല്‍.എയെ മാത്രം അറിഞ്ഞാല്‍ മതി. വയനാട്ടിലെ പുത്തുമലയില്‍ ദുരന്തം വിതച്ചപ്പോള്‍ അവിടെ ആദ്യം തന്നെ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ശശീന്ദ്രനായിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക മാത്രമല്ല, നേരിട്ട് ദൗത്യത്തില്‍ പങ്കാളിയായാണ് ശശീന്ദ്രന്‍ ഇവിടെ വ്യത്യസ്തനായത്. ചാനലുകാര്‍ക്ക് വാഹനം വിട്ടു കൊടുത്ത് താരമാകാനുള്ള വില കുറഞ്ഞ രാഷ്ട്രീയമൊന്നും ശശീന്ദ്രന്‍ പയറ്റിയിട്ടില്ല. ശശീന്ദ്രന് സ്വന്തമായുള്ള സൈക്കിളില്‍ അവരൊട്ടു കയറുകയുമില്ല.

മലയും കാടും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ഉറച്ച നിലപാടുള്ള വ്യക്തിയാണ് ശശീന്ദ്രന്‍. അതു കൊണ്ടു തന്നെ ക്വാറി മാഫിയയുടെ കണ്ണിലെ കരടാണ് അദ്ദേഹം. ഒരു നിയമ വിരുദ്ധ പ്രവര്‍ത്തിക്കും ഈ കമ്യൂണിസ്റ്റ് കൂട്ടു നില്‍ക്കില്ല. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. അത്തരക്കാരോട് കടക്ക് പുറത്ത് എന്ന് പറയുക തന്നെ ചെയ്യും.

നൂറ് ശതമാനവും കര്‍ഷകനും സാധാരണക്കാരനുമാണ് ശശീന്ദ്രന്‍. അതിരാവിലെ പശുവിനെ കറന്ന്, പാല്‍ പത്രവും പിടിച്ച് നഗ്നപാദങ്ങളുമായി നടന്നു നീങ്ങുന്ന ശശീന്ദ്രന്‍ ഇന്നും പലര്‍ക്കും അത്ഭുതമാണ്. നിരവധി തവണ സി.പി.എം ജില്ലാ സെക്രട്ടറിയായും എം.എല്‍.എ ആയും പ്രവര്‍ത്തിച്ച ഈ കുറിയ മനുഷ്യന്‍ എന്താണ് ഇപ്പോഴും ഇങ്ങനെയെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും ചോദിക്കുന്നത്.

കല്‍പ്പറ്റയില്‍ ശശീന്ദ്രനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എന്നറിഞ്ഞപ്പോള്‍ തന്നെ ആ മണ്ഡലത്തിലെ പ്രതീക്ഷ യു.ഡി.എഫ് കൈവിട്ടിരുന്നു. ശശീന്ദ്രന് കേരളത്തിലെ ഏത് മണ്ഡലത്തിലും വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷം പോലും വിലയിരുത്തുന്നത്. നിയമസഭയിലെ എം.എല്‍.എമാര്‍ രാഷ്ട്രീയ കക്ഷിഭേദമന്യേ ഒറ്റക്കെട്ടായി ഇഷ്ടപ്പെടുന്നതും ശശീന്ദ്രനെയാണ്.

ഭൂമിക്കും തനിക്കുമിടയില്‍ ഒരു അകലവും പാടില്ലെന്ന കാരണത്താല്‍ ചെരിപ്പു പോലും ഒഴിവാക്കിയാണ് ശശീന്ദ്രന്റെ യാത്ര. ആ പാദങ്ങള്‍ക്കുപോലുമുണ്ടാകും കണ്ണിരിന്റെ ഒരു പാട് കഥ പറയാന്‍. സൈക്കിളും ഓട്ടോറിക്ഷയുമാണ് ഈ എം.എല്‍.എയുടെ ഇഷ്ട വാഹനം. ഈ ആധുനിക കാലത്തും ഇങ്ങനെ ഒരു എം.എല്‍.എയോ എന്ന് നെറ്റി ചുളിക്കുന്നവരുണ്ടെങ്കില്‍ അവര്‍ വയനാട് ചുരം കയറണം. അവിടെ ഓരോ മണല്‍ തരികള്‍ക്കുമുണ്ടാകും ഈ കമ്യൂണിസ്റ്റിന്റെ കഥ പറയാന്‍.

Political Reporter

Top