V.S Achuthanandan’s comment against BJP

ആലപ്പുഴ:താമര വല്ല പൊട്ടക്കിണറ്റിലോ, കുളത്തിലോ വാടുകയേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അമ്പലപ്പുഴയില്‍ കുടുംബാംഗങ്ങളോടും ഇടതു സ്ഥാനാര്‍ത്ഥി ജി സുധാകരനുമൊപ്പം വോട്ടു രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറു സീറ്റ് നേടി ഇടതുപക്ഷം അധികാരത്തില്‍ വരും. മലമ്പുഴയില്‍ ശത്രുക്കളെല്ലാവരും കൂടി ചേര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടുമെന്നും വിഎസ് പറഞ്ഞു.

ബിഡിജെഎസിന്റെ സാന്നിധ്യത്തെയും വിഎസ് പുച്ഛിച്ച് തള്ളി. രാവിലെ മലമ്പുഴയിലെ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് നാലുമണിയോടെയാണ് വിഎസ് അമ്പലപ്പുഴയില്‍ വോട്ടു ചെയ്യാനെത്തിയത്.

വിഎസ് വരുന്നതും കാത്ത് വോട്ട് ചെയ്യാനെത്തിയ നൂറു കണക്കിന് ആളുകള്‍ പോളിങ് ബൂത്തിന് സമീപം തടിച്ച് കൂടിയിരുന്നു.

Top