V S Achuthanandan, most attractive politician in election campaign

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും അധികം ജനങ്ങളെ ആകര്‍ഷിച്ച നേതാവ് വിഎസ്.

പ്രധാനമന്ത്രി മോദിയടക്കം കേന്ദ്രസംസ്ഥാന നേതാക്കള്‍ ശക്തമായ പ്രചരണം നടത്തിയ കേരളത്തില്‍ ജനങ്ങളെ കൂടുതല്‍ ഇളക്കിമറിച്ചത് വിഎസിന്റെ പ്രചാരണ പരിപാടികളാണ്.

സംസ്ഥാനത്തെ 64 തിരഞ്ഞെടുപ്പ് റാലികളിലാണ് വിഎസ് പങ്കെടുത്തത്. ഇതിനുശേഷം അദ്ദേഹം സ്വന്തം തട്ടകമായ മലമ്പുഴയില്‍ കേന്ദ്രീകരിക്കുകയായിരുന്നു

ലക്ഷക്കണക്കിന് ജനങ്ങളാണ് വിവിധ പരിപാടികളിലായി വിഎസിന്റെ പ്രകടനം ശ്രവിക്കാനെത്തിയത്. ഇതിന്റെ എത്രയോ ഇരട്ടിപേര്‍ ചാനലുകളിലൂടെ ലൈവായി പ്രസംഗം ശ്രവിച്ചാതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിഎസിന്റെ ലൈവ് സംപ്രേക്ഷണത്തിന് കിട്ടുന്ന റേറ്റിംങ് മറ്റൊരു രാഷ്ട്രീയ നേതാവിന്റെ പ്രചരണത്തിനും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

93നോട് അടുക്കുന്ന പ്രായത്തിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ആഞ്ഞടിച്ച വിഎസിന്റെ വാക്കുകളാണ് ഏറ്റവും അധികം യുഡിഎഫിനെയും ബിജെപി സഖ്യത്തെയും പ്രതിരോധത്തിലാക്കിയത്.

ഉരുളക്ക് ഉപ്പേരി കണക്കെ വിഎസ് നല്‍കുന്ന മറുപടികളും ചേദ്യങ്ങളും രാഷ്ട്രീയ മേഖലകളില്‍ വന്‍ വിവാദങ്ങള്‍ക്ക് തന്നെ വഴി തെളിയിച്ചിരുന്നു. ഇതില്‍ പ്രധാനമാണ് മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വിഎസിന്റെ ആരോപണം.

ഇതിനെതിരെ പതിവില്‍ നിന്ന് വ്യത്യസ്തമായി മാനനഷ്ടക്കേസ് കൊടുക്കുന്ന രീതിയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാറിയത് തന്നെ വിഎസിന്റെ ആക്രമണം ഏറ്റു എന്നതിന്റെ സൂചനയായിരുന്നു. ഒടുവില്‍ വിഎസിന്റെ ഇത്തരം ആരോപണങ്ങള്‍ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പോലും കോടതി തള്ളിക്കളഞ്ഞു.

അഴിമതി, സോളാര്‍ വിവാദം തുടങ്ങി വെള്ളാപ്പള്ളി ബിജെപി കൂട്ടുകെട്ടിന്റെ പിന്നില്‍ വരെ മുഖ്യമന്ത്രിയാണെന്നായിരുന്നു വിഎസിന്റെ മറ്റ് ആരോപണങ്ങള്‍. സിപിഎം പിബി അംഗം പിണറായി വിജയനും കോടിയേരിയുമടക്കമുള്ളവര്‍ കൂടി ഇക്കാര്യം ശക്തമായ ആയുധമാക്കിയതോടെ ബിജെപിക്കെതിരെ ആഞ്ഞടിക്കാന്‍ യുഡിഎഫ് ക്യാമ്പും നിര്‍ബന്ധിതരായി.

അവസാനനാളില്‍ വീണു കാട്ടിയ ‘സൊമാലിയന്‍ വിവാദം’ മുയര്‍ത്തി പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്ന് സിപിഎം നേതൃത്വത്തിന്റെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

വിഎസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യമിട്ടാണ് എ കെ ആന്റണിയെ യുഡിഎഫ് പ്രചരണത്തിനിറക്കിയത്. നാലിടത്താണ് പ്രധാനമന്ത്രി വന്നതെങ്കിലും മോദിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി.

എന്നാല്‍ ആന്റണി വന്നാലും മോദി വന്നാലും കേരളത്തിലെ ജനങ്ങളുടെ യഥാര്‍ത്ഥ ഹീറോ വിഎസ് തന്നെയാണെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.

എന്തിനേറെ ഇടത് സ്ഥാനാര്‍ത്ഥിയായ കെ ബി ഗണേശ് കുമാറിന് വേണ്ടി വോട്ട് ചോദിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുത്ത ഇടത് പ്രചരണ യോഗത്തിന് പോലും വിഎസിന്റെ ഒരു പൊതുയോഗത്തിനെത്തുന്ന ആള്‍ക്കൂട്ടമുണ്ടായിരുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

മോദിക്ക് വേണ്ടി ബിജെപി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലികള്‍ പോലും സമീപ ജില്ലകളിലെ പ്രവര്‍ത്തകരെ കൂടി പങ്കെടുപ്പിച്ചായിരുന്നു.

ബിജെപിക്ക് വേണ്ടി ഹെലികോപ്റ്ററില്‍ പറന്നുനടന്നും റോഡ് ഷോ നടത്തിയും വിലസിയ നടന്‍ സുരേഷ്‌ഗോപിയും വിപ്ലവ നായകനു മുന്നില്‍ നിഷ്പ്രഭമായി.

വിഎസ് പങ്കെടുത്ത പരിപാടികളെല്ലാം നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള പൊതുസമ്മേളനങ്ങളായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പുറമേ സ്ത്രീകളും കുട്ടികളും അടക്കമുള്ള രാഷ്ട്രീയത്തിനതീതമായ വിഭാഗങ്ങളും വിഎസിനെ കാണാനെത്തിയിരുന്നു.

Top