V. S. Achuthanandan-letter-chief secretary

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചിട്ടും തുടര്‍നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ച് വി.എസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് കത്ത് നല്‍കി.

സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ കമ്മീഷന്‍ ഓഫീസ് അനുവദിക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും അംഗീകരിക്കാത്തതാണ് വി.എസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഓഫീസിന്റെയും ഔദ്യോഗിക വസതിയുടേയും കാര്യത്തില്‍ താങ്കള്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തീരുമാനം അതിന് ഘടകവിരുദ്ധമാണെന്ന് വി.എസ് കത്തില്‍ ഉന്നയിക്കുന്നുണ്ട്.

കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസായി ആദ്യം അറിയിച്ച സെക്രട്ടേറിയറ്റ് അനക്‌സിന് പകരം ഐ.എംജിയിലാണ് ഓഫീസായി അനുവദിച്ചിരിക്കുന്നത്.

കമ്മീഷനേയും തന്നേയും അവഹേളിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് കത്തിലെ വിമര്‍ശനം.

കമ്മീഷനെ നിയമിച്ചതിന് ശേഷം തുടര്‍നടപടികളുണ്ടാകാത്തതിലുള്ള അനിഷ്ടം വി.എസ് തിങ്കളാഴ്ച പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വി.എസിന് ഓഫീസ് അനുവദിച്ചകാര്യം രേഖാമൂലം ചീഫ് സെക്രട്ടറി അറിയിച്ചത്.

Top