മുരളീധരനല്ല സ്വീകരണം, വന്ദേഭാരത് വണ്ടിക്കാണ്; വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ബിജെപി തരംതാണ രാഷ്ട്രീയക്കളി നടത്തിയെന്ന കെ.മുരളീദരന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ക്ഷണം കിട്ടിയവരാണ് യാത്ര ചെയ്തത്. കെ മുരളീധരന്റെ പരാതി ബിജെപി പ്രവര്‍ത്തകര്‍ക്കും എംപി പാസ് കിട്ടി എന്നതാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി .അതുകൊണ്ട് സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കേണ്ടത്.

മുരളീധരനല്ല സ്വീകരണം, വന്ദേഭാരത് വണ്ടിക്കാണ്. തീവണ്ടി സെലിബ്രിറ്റി ആവുന്ന സാഹചര്യമായിരുന്നു. ദിവസം മുഴുവന്‍ ബിജെപിക്കാരെ കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാവും കെ മുരളീധരന്. കോണ്‍ഗ്രസുകാരോട് വന്ദേഭാരതില്‍ വരണ്ട എന്ന് ആരും പറഞ്ഞിട്ടില്ല അവര്‍ക്കും വരാമായിരുന്നു.കെ മുരളീധരന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണ്,കെ മുരളീധരന്‍ മറുപടി അര്‍ഹിക്കുന്ന ഒരു വിമര്‍ശനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരതിനായി എല്ലാ എംപിമാരും കൂട്ടായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എംപിമാരുടെ സമ്മര്‍ദം ഫലം ചെയ്തു എന്നും, ആദ്യ വന്ദേഭാരതിന്റെ വരുമാനം വര്‍ധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാന്‍ കാരണമായി. പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അത് കണ്ടു എന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്.

കൂടാതെ ഉദ്ഘാടന യാത്ര മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. ബിജെപി ഓഫീസില്‍ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതില്‍ യാത്ര ചെയ്തപ്പോള്‍. സത്യത്തില്‍ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. സംസ്ഥാന സര്‍ക്കാര്‍ അവരുടേതായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പക്ഷെ, കൊടിയും പിടിച്ചു ബിജെപിക്കാര്‍ ട്രെയിനില്‍ കയറി ബിജെപി നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിച്ചത് ദൗര്‍ഭാഗ്യകരമാണ്. മേലാല്‍ ഇത് ആവര്‍ത്തിക്കരുത്. വി മുരളീധരന്‍ ആണ് ഇതിന് ഒക്കെ നേതൃത്വം നല്‍കിയത് എന്നും കെ കെ മുരളീധരന്‍ ആരോപിച്ചിരുന്നു.

Top