നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തിന് അഭിമാനം; വി. മുരളീധരന്റെ വിജയഗാഥ ഇങ്ങനെ. . .

muraleedharan

വീണ്ടും അധികാരത്തിലെത്തുന്ന മോദി മന്ത്രിസഭയിലേയ്ക്ക് കേരളത്തിന് അഭിമാനമായി മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരന്‍. മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ ഭരണകാലകത്ത് കേന്ദ്രമന്ത്രി ആയിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെയും രണ്ടാം മന്ത്രി സഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ കരുതിയിരുന്ന കുമ്മനം രാജശേഖരനേയും പിന്തള്ളിയാണ് വി മുരളീധരന്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും വെള്ളാംവെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബര്‍ 12ന് ജനിച്ച വി മുരളീധരന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 1977 ലെ അടിയന്തരാവസ്ഥാ കാലത്തായിരുന്നു വി മുരളിധരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ തുടക്കം.

1978 ല്‍ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 1979ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 1980ല്‍ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1980 മുരളീധരനെ സംബന്ധിച്ചിടത്തോളം സഹനത്തിന്റെ കാലഘട്ടമായിരുന്നു. ഇ കെ നയനാര്‍ മന്ത്രിസഭ കേരളം ഭരിക്കുന്ന ആ കാലത്ത് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുരളീധരനെ രണ്ടു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചു. ഇതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകര്‍ ഇകെ നായനാരെ ഡല്‍ഹിയില്‍ ഖരാവോ ചെയ്തു. ഈ സംഭവത്തോടെ വി മുരളീധരന്‍ എന്ന രാഷ്ട്രീയക്കാരന്‍ പൊതുജന ശ്രദ്ധ നേടി. പിന്നീട് സര്‍ക്കാര്‍ കെട്ടിചമച്ച കേസ് കോടതി എഴുതി തള്ളുകയും അദ്ദേഹം കുറ്റവിമുക്തനാക്കുകയും ചെയ്തു.

1983 ല്‍ തന്റെ 25-ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി വി മുരളീധരന്‍ ചുമതലയേറ്റു.1987 മുതല്‍ 1990 വരെ എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരന്‍ ഔദ്യോഗികമായി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതൃത്വനിരയിലേക്ക് വരുന്നത്.

2004 ല്‍ നെഹ്‌റു യുവകേന്ദ്രയുടെ ചുമതല വഹിക്കുന്ന കാലത്ത് നാഷണല്‍ റീ കണ്‍സ്ട്രക്ഷന്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദേശീയതലത്തില്‍ ശ്രദ്ധേയനായി. 2016ലെനിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനോട് 7000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. 2018 ഏപ്രില്‍ 3 ന് അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

Top