മത്തായിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍; പിണറായി സര്‍ക്കാരിനെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം മൂന്നാഴ്ചയായിട്ടും മോര്‍ച്ചറിയില്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മത്തായിയുടെ കുടുംബം ഉന്നയിക്കുന്ന ന്യായമായ ആവശ്യം നിറവേറ്റാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഇപ്പോള്‍ മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. നീതി കാണിക്കാത്ത സര്‍ക്കാരിലും ഭരണസംവിധാനത്തിലും വിശ്വാസമില്ലാത്തതു കൊണ്ടാണ് അവര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ആ കുടുംബത്തോട് സര്‍ക്കാരിന് കനിവുണ്ടെങ്കില്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണമെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പത്തനംതിട്ട ചിറ്റാറിലെ കർഷകൻ കുടപ്പനക്കുളം പി.പി.മത്തായി, വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച് മൂന്നാഴ്ചയായിട്ടും കുടുംബമുന്നയിക്കുന്ന ന്യായമായ ആവശ്യം നിറവേറ്റാൻ സർക്കാർ തയ്യാറാകുന്നില്ല. ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ് ഞാൻ ഈ കുറിപ്പെഴുതുന്ന വേളയിലും.

കസ്റ്റഡി മരണങ്ങളുടെ നാടായി മാറുകയാണോ കേരളം ?

ജൂലൈ 28ന് വൈകിട്ട് നാലിനാണ് മത്തായിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് ഏഴംഗ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്. എന്നാൽ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിച്ചില്ല, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചില്ല, മൊഴി രേഖപ്പെടുത്തിയില്ല, ജി‍ഡി എൻട്രി നടത്തിയില്ല. ഇത്രയും വീഴ്ചകൾ സംഭവിച്ചത് യാദൃശ്ചികമാണോ? വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയ മത്തായിയെ വീട്ടുകാർ പിന്നെ കാണുന്നത് സ്വന്തം കൃഷിയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ. ഇതെങ്ങനെ സംഭവിച്ചെന്ന ആ കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞേ പറ്റൂ!
ഒരാളെ കസ്റ്റഡിയിലെടുത്ത് ഇത്രയൊക്കെ സംഭവിച്ചിട്ടും ഉദ്യോഗസ്ഥരെ സസ്പെൻ‍ഡ് ചെയ്തതല്ലാതെ ഇടതു സർക്കാ‍ർ എന്താണ് ചെയ്തത് ?

ആഴ്ചകളായി മത്തായിയുടെ മൃതദേഹം മോ‍ർച്ചറിയിലാണ്. ഭ‍ർത്താവിന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ മൃതദേഹം അടക്കം ചെയ്യില്ലെന്നാണ് ഭാര്യ ഷീബയുടെയും കുടുംബത്തിന്റെയും നിലപാട്. അതിനു പിന്തുണയുമായി ഒരു നാട് മുഴുവൻ ഒപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊക്കെ കാണുന്നുണ്ടോ? ഭർത്താവിനെ നഷ്ടപ്പെട്ട ആ വീട്ടമ്മയുടെ തീരാ വേദന തിരിച്ചറിയുന്നുണ്ടോ? അരയ്ക്ക് താഴേക്ക് തളർന്നുപോയ മത്തായിയുടെ സഹോദരിയുടെ കണ്ണീര് കാണുന്നുണ്ടോ? ആ വീട്ടിൽ പ്രായമായ ഒരമ്മയുണ്ട്. ആശ്രയം നഷ്ടപ്പെട്ട ആ കുടുംബത്തിന് നീതി ഉറപ്പാക്കാൻ താങ്കളുടെ സർക്കാ‍ർ എന്താണ് ചെയ്തത്? 21 ദിവസമായി മോർച്ചറിയിലിരിക്കുന്ന മത്തായിയുടെ മൃതദേഹത്തോടെങ്കിലും സർക്കാർ നീതി കാട്ടണം. മൃതദേഹം അടക്കുന്നത് തന്റെ ജോലിയല്ല എന്ന് പറഞ്ഞ് കൈ കഴുകിയ വനംമന്ത്രി എന്ത് ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ചോദിക്കണം !
തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്നതിൽ തർക്കമില്ല. മത്തായി തെറ്റുകാരനെങ്കിൽ ആ തെറ്റിനായിരുന്നു നിയമപരമായി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത്. അല്ലാതെ ഒരു കുടുംബത്തിന്റ അത്താണി ഇല്ലാതാക്കുകയായിരുന്നില്ല വേണ്ടത് !!

മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. നീതികാണിക്കാത്ത സർക്കാരിലും ഭരണസംവിധാനത്തിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് അവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്.
ശ്രീ പിണറായി വിജയൻ , ആ കുടുംബത്തോട് സർക്കാരിന് കനിവുണ്ടെങ്കിൽ സമഗ്രമായ അന്വേഷണത്തിന് തയാറാകണം. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണം !!

Top