പിസി ജോര്‍ജ് ആരെയും കൊന്നിട്ടില്ല; എആര്‍ ക്യാംപിലെത്തിയ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു; പൊട്ടിത്തെറിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് എ ആർ ക്യാമ്പിലെത്തിച്ച പി സി ജോർജിനെ സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന് അനുമതി നിഷേധിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിന് എതിരെ മന്ത്രി രൂക്ഷ വിമർശനം നടത്തി. ‘വിശദാംശങ്ങൾ നേരിട്ട് ചോദിച്ചറിയാനാണ് എത്തിയത്’. യൂത്ത് ലീഗ് ഒരു പരാതി കൊടുത്താൽ അപ്പോൾ അറസ്റ്റ് ചെയ്യും ആരെ പ്രീണിപ്പിക്കാനാണ് ഈ നീക്കമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. പി സി ജോർജിന്റെ പ്രസ്താവനയോട് യോജിക്കുന്നോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല.

വി മുരളീധരന്റെ വാക്കുകൾ

അഭിപ്രായസ്വാതന്ത്യമുള്ള നാടാണ് നമ്മുടെ നാട്. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കാൻ അടക്കം ഈ നാട്ടിൽ സ്വാതന്ത്യം കൊടുക്കണമെന്ന് പറയുന്നവരുണ്ട്, ദില്ലി യൂണിവേഴ്സിറ്റിയിൽ കണ്ടതാണ് അത്. ഈ രാജ്യത്തെ വെട്ടിനുറക്കാൻ വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ആളുകൾക്ക്, ആ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്യമുണ്ടെന്ന് നിലപാടെടുത്തവരാണ് സിപിഎമ്മുകാർ. പിസിജോർജ് പറഞ്ഞത് അദ്ദേഹത്തിൻറെ അഭിപ്രായം. ഈ രാജ്യത്ത് ആർക്കും അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ടെന്ന് ഇത്രയും കാലം പറഞ്ഞിരുന്നവരാണ് സിപിഎമ്മുകാർ. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞുതള്ളിയവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത തിടുക്കം പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിലെ സർക്കാർ എന്തിന് കാണിക്കുന്നു. ഇസ്ലാമിക ഭീകരവാദികൾ അരിഞ്ഞുതള്ളിയ ശ്രീനിവാസൻറെ കൊലപാതകികളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. യൂത്ത് ലീ​ഗിൻറെ പരാതിയിലാണ് അറസ്റ്റെന്ന് പറയുന്നത്. യൂതത് ലീ​ഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ ആരെയും അറസ്റ്റ് ചെയ്യും. ബിജെപിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനുമില്ല പറയാനുമില്ല. കേന്ദ്രമന്ത്രിക്ക് പിസി ജോർജിനെ കാണാൻ അനുവാദമില്ല, എന്നാൽ യൂത്ത് ലീ​ഗ് ഒരു പരാതി കൊടുത്താൽ അറസ്റ്റ് ചെയ്യും. ഇരട്ടനീത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാവർക്കും വ്യക്തമായി മനസിലാകും

Top