കേരളത്തിന്റെ ധനമന്ത്രി കൊറോണയെക്കാള്‍ വലിയ ദുരന്തം; പരിഹസിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ ധനമന്ത്രി കൊറോണയെക്കാള്‍ വലിയ ദുരന്തമാണെന്നാണ് മുരളീധരന്റെ പരിഹാസം.കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധന മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തരമായി വിളിച്ചു കൂട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ വിമര്‍ശനം.

‘ഒരു കാര്യം ചോദിക്കട്ടേ പ്രിയപ്പെട്ട ഐസക്, ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാര്‍മ്മികതയാണുള്ളത്? ലോക് ഡൗണിനെപ്പോലും പ്രഹസനമാക്കുകയല്ലേ കേരളം.?’ – മുരളീധരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.


ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം ഇങ്ങനെ

കേരളത്തിന്റെ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് കൊറോണയെക്കാള്‍ വലിയ ദുരന്തമാണല്ലോയെന്നാണ് ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. ലോക് ഡൗണ്‍ വലിയവായില്‍ പ്രഖ്യാപിച്ചു,പാട്ട കൊട്ടലും നടന്നു, പക്ഷേ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല എന്നാണ് ധനമന്ത്രിയുടെ ആവലാതി. ഒരു കാര്യം ചോദിക്കട്ടേ പ്രിയപ്പെട്ട ഐസക്, ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാര്‍മ്മികതയാണുള്ളത്? ലോക് ഡൗണിനെപ്പോലും പ്രഹസനമാക്കുകയല്ലേ കേരളം.? 7 മുതല്‍ 5 വരെ നാട്ടിലിറങ്ങി, കടകള്‍ തോറും കയറിയിറങ്ങുന്നതാണോ സമൂഹ വ്യാപനം തടയാനുള്ള മാര്‍ഗം? ഹര്‍ത്താല്‍ ദിനമിതിലും എത്രയോ ഭേദമാണ്! ബിവറേജസടച്ചാല്‍ വരുമാനം കുറയുമെന്ന ലാഭൈക ദൃക്കായ അങ്ങയുടെ കാഴ്ച്ചപ്പാടിനും ഇരിക്കട്ടെ കയ്യടി. ജനങ്ങളെ വീട്ടിലിരുത്തി കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് പകരം കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കുന്ന താങ്കളെപ്പോലെയുള്ളവരില്‍ നിന്ന് ധാര്‍മ്മികത പ്രതീക്ഷിച്ചതാണ് തെറ്റ്.

കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധന മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തരമായി വിളിച്ചു കൂട്ടണം എന്നതാണല്ലോ തോമസ് ഐസകിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് പോരെന്നാണോ ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൊറോണ പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ കൊതിക്കെറുവാണ് താങ്കള്‍ക്കെന്ന് പലരും പറയുന്നുണ്ടെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക സഹായം നല്‍കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്ര നിര്‍ദ്ദേശം പാലിച്ചല്ല കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായതാണ്.അതില്‍ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ലേ? ഓഡിറ്റ് നടത്തിയ ആളെ പുറത്താക്കി അഴിമതി മൂടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തത് ഇത്തരം ക്രമക്കേടുകള്‍ കാരണമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ അനുവദിച്ച പണത്തിന്റെ കണക്കു പോലും കൃത്യമായി കേന്ദ്ര സര്‍ക്കാരിന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ധനമന്ത്രി ജനങ്ങളോട് പറയണം. അല്ലാതെ, ദുരന്തകാലത്ത് ഇല്ലായ്മയുടെ പിതൃത്വം കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടി വയ്ക്കുകയല്ല ചെയ്യേണ്ടത്!

Top