V. Muraleedharan support Narendra Modi

muraleedharan

തിരുവനന്തപുരം: ഖാദിയെ കുറിച്ച് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ഉണ്ടായിരുന്ന ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ള അസഹിഷ്ണുതയാണ് ഖാദി കമ്മിഷന്‍ പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കുന്നതിന് പിന്നിലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.

ഗാന്ധിജിക്കൊപ്പം ഖാദിയേയും മറന്നത് കോണ്‍ഗ്രസാണ്. ഐക്യ ഇന്ത്യയ്ക്കുവേണ്ടി നിലകൊണ്ട സര്‍ദാര്‍ വല്ലാഭായി പട്ടേലിനെ ബി.ജെ.പി. ആദരിച്ചപ്പോഴാണ് ആ പേരുതന്നെ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കുന്നത്. അത് അവര്‍ വിവാദമാക്കുകയും ചെയ്തു. അധികാരത്തിന്റെ മത്തുപിടിച്ച് ഗാന്ധിജിയെ മറന്ന കോണ്‍ഗ്രസ്സ് ഖാദിയേയും പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ദേശാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദി അഴിമതിക്കാരുടെ യൂണിഫോമാക്കിയെന്ന ഖ്യാതി കോണ്‍ഗ്രസിനു മാത്രമുള്ളതാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഖാദി കമ്മിഷന്‍ പുനരുദ്ധരിച്ചത്. മോദിയുടെ നേതൃത്വത്തില്‍ ഖാദി മുന്നേറുകയാണെന്നതിന് ഇപ്പോഴത്തെ കണക്കുകള്‍ സാക്ഷിയാണ്. ഖാദി വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 29% വര്‍ദ്ധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സ് തള്ളിക്കളഞ്ഞ ഗാന്ധിയന്‍ ആശയങ്ങളെ മുറുകെപ്പിടിച്ച് അവ നടപ്പിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനെതിരേ കോണ്‍ഗ്രസ്സ് നടത്തുന്നത് ദുഷ്ടലാക്കോടെയുള്ള പ്രചാരണമാണ്. ഗാന്ധി എന്നത് അധികാരത്തിലെത്താനുള്ള ഒരു മാര്‍ഗം മാത്രമായി കോണ്‍ഗ്രസ്സ് ഉപയോഗിക്കുകയായിരുന്നു. ഗാന്ധി സ്‌നേഹം പുറമേ പറഞ്ഞ കോണ്‍ഗ്രസ്സ് ഗാന്ധിയന്‍ ആശയങ്ങളെ തള്ളിക്കളയുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

Top