വനം വകുപ്പിലെ കാര്യങ്ങളറിയാത്ത മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് പരിശോധിക്കണം;വി മുരളീധരന്‍

തിരുവനന്തപുരം: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട വിഷയത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊലയാളി ആന കറങ്ങി നടക്കുന്നത് വനം വകുപ്പിന് അറിയാമായിരുന്നു. എന്നിട്ടും വനം വകുപ്പ് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയില്ല. ആനയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണോ എന്നും വി മുരളീധരന്‍ ചോദിച്ചു.ഓരോ മണിക്കൂറിലും മാധ്യമങ്ങള്‍ക്ക് വിവരം നല്‍കലല്ല മന്ത്രിയുടെ പണിയെന്നും കുറ്റപ്പെടുത്തി. വനം വകുപ്പിലെ കാര്യങ്ങളറിയാത്ത മന്ത്രി സ്ഥാനത്ത് തുടരണോ എന്ന് പരിശോധിക്കേണ്ടതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

പ്രൊജക്ട് എലിഫന്റ് ഫണ്ട് സര്‍ക്കാര്‍ എന്ത് ചെയ്തു? വയനാട് എം പി എന്തു ചെയ്തു? രണ്ട് സര്‍ക്കാരുകളും എം പി ക്ക് വേണ്ടപ്പെട്ടതാണ്. എന്നിട്ടും എം പിക്ക് ഇത്തരം കാര്യങ്ങളില്‍ ഒന്നും താല്‍പ്പര്യമില്ല. ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വി മുരളീധരന്‍ ആവശ്യപ്പെട്ടു.കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ഇന്നലെ ഒരാള്‍ക്ക് ജീവന്‍ നഷ്ടപെട്ടിരുന്നു. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്.

മാസപ്പടി വിവാദത്തിലെ അന്വേഷണത്തില്‍ നോട്ടീസിന് മറുപടി പറയാതെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു. കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് മറുപടി നല്‍കിയാല്‍ മതി. മുഖ്യമന്ത്രിയുടെ മകള്‍ പിബി അംഗമാണോ? കോടിയേരിക്ക് നല്‍കാത്ത പരിഗണന ലഭിക്കുന്നതിന്റെ കാരണമെന്താണെന്നും വി മുളീധരന്‍ ചോദിച്ചു. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഒത്തു തീര്‍പ്പില്ല, വി ഡി സതീശന്റേത് തേഞ്ഞ ആരോപണമാണ്. കൊടുത്ത പദ്ധതിയുടെ പണം ചിലവാക്കാതെയാണ് പുതിയ പദ്ധതിയുമായി കേന്ദ്രത്തെ സമീപിച്ചത്. കൊടുത്ത പണം ചിലവഴിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചതെന്നും വി മുരളീധരന്‍ പറഞ്ഞു.ഭാരത് അരി വിഷയത്തിലും കേന്ദ്ര മന്ത്രി പ്രതികരിച്ചു. ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചുമതലെയെന്നും അരി നല്‍കുന്ന പദ്ധതി തുടരുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Top