ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. കൊല്ലത്തെ സംഭവം പൊലീസിന് മുന്‍കൂട്ടി അറിയാം. വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണറെ കായികമായി അക്രമിച്ച് വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമം. ഗവര്‍ണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താന്‍ സാഹചര്യമൊരുക്കി. വിയോജിക്കുന്നവരെ കായികമായി അക്രമിച്ച് ഇല്ലാതാക്കാനുളള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വി മുരളീധരന്‍ ആരോപിച്ചു. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ഇത് തന്നെയാണ് ചെയ്തതെന്നും വി മുരളീധരന്‍ ആരോപിച്ചു.

കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍ പൊലീസിനെ ശകാരിച്ചു. ക്ഷുഭിതനായ ഗവര്‍ണര്‍ തൊട്ടടുത്തുള്ള കടയില്‍ കസേരയിട്ട് ഇരുന്ന് വെള്ളം കുടിച്ചു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാത്ത ഗവര്‍ണര്‍ സ്ഥലത്ത് തുടരുകയായിരുന്നു. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയതാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനറുമായി എത്തിയത്.

കൊട്ടാരക്കരക്ക് അടുത്തുള്ള സദാനന്ദപുരത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ പോയത്. 25 ഓളം പ്രവര്‍ത്തകരാണ് കരിങ്കൊടി ഉയര്‍ത്തിയത്. കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞെങ്കിലും പൊലീസ് തടയുകയായിരുന്നു. പിന്നാലെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി. 17 പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top