ഡി ലിറ്റ് വിവാദം; പ്രതിപക്ഷ നേതാവിന് പിണറായിയെ പേടിയാണെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡിലിറ്റ് ശുപാശ നല്‍കാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്. പ്രതിപക്ഷനേതാവിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും കൊടുത്ത് വളര്‍ത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നു. പിണറായിയെ പേടിയാണ് പ്രതിപക്ഷ നേതാവിന്. അതാണ് ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് മനസിലാകുന്ന’തെന്നും വി മുരളീധരന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നാവായി വി ഡി സതീശന്‍ മാറിയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ഗവര്‍ണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചതെന്നും പറഞ്ഞു.

രാജ്യത്തിന്റെ പ്രഥമ പൗരനെ കേരള സര്‍ക്കാര്‍ അവഹേളിച്ചുവെന്ന മാദ്ധ്യമ വാര്‍ത്തകള്‍ ഗവര്‍ണര്‍ നിഷേധിച്ചിട്ടില്ല. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നല്‍കുന്നതില്‍ എന്ത് അയോഗ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി പറയണം. അദ്ദേഹം ഒരു ദളിതനായതു കൊണ്ടാണോ ഡി. ലിറ്റ് നല്‍കേണ്ടെന്ന നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഗവര്‍ണര്‍ ചാന്‍സിലര്‍ പദവി ഏറ്റെടുക്കുമെന്നും മുരളീധരന്‍ സൂചിപ്പിച്ചു.

Top