സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകണം: വി മുരളീധരന്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകണം എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിജയശതമാനം മാത്രമാകരുത് സര്‍ക്കാരുകളുടെ അഭിമാന പ്രശ്‌നം. മികച്ച ഭാവി കുട്ടികള്‍ക്ക് ഉറപ്പ് വരുത്താനാകണമെന്നും വി മുരളീധരന്‍ പറഞ്ഞു. മുരുക്കുംപുഴയില്‍ സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ ശതാബ്ദി ആഘോഷവും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യയുടെ വിജ്ഞാന സംവിധാനത്തിലൂന്നി ആഗോള പൗരന്‍മാരെ സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ബാല്യകാല പരിചരണവും വിദ്യാഭ്യാസവും ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി സംയോജിപ്പിച്ചിരിക്കുന്നത് ഇത് മുന്നില്‍ കണ്ടാണ്. എല്ലാ കുട്ടികള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗുണനിലവാരമുള്ളതും തൊഴിലധിഷ്ഠിതവും, മൂല്യാധിഷ്ഠിതവുമായ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തിയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒപ്പം തന്നെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്കും വിദ്യാലയങ്ങളുടെ വീണ്ടെടുപ്പില്‍ വലിയ സംഭാവനകള്‍ ചെയ്യാനാകുമെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Top