‘ഉള്ളടക്കത്തിനു നിലവാരമില്ലാത്തതിനാലാണ് ഗവര്‍ണര്‍ അത് വായിക്കാതിരുന്നത്’; വി മുരളീധരന്‍

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിനു നിലവാരമില്ലാത്തതിനാലാണ് ഗവര്‍ണര്‍ അത് വായിക്കാതിരുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഗവര്‍ണര്‍ മുഴുവന്‍ വായിച്ചില്ലെന്ന വിമര്‍ശനമാണ് ഭരണപക്ഷം നടത്തുന്നത്. സഭ അധഃപതിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

കള്ളപ്രചരണങ്ങള്‍ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയില്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചു. നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവര്‍ണര്‍ വായിക്കാത്തത്. ഗവര്‍ണര്‍ ഉചിതമായ രീതിയില്‍ പ്രതികരിച്ചു. ലോക കേരളാ സഭയുടെ പേരില്‍ നടക്കുന്ന ധൂര്‍ത്തിന് ഒരു കുറവുമില്ല. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റി.

രാജ്ഭവനെ അപമാനിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഗവര്‍ണറെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ഗവര്‍ണറുടേത്. ഗവര്‍ണര്‍ക്കെതിരായ പരാതി എല്‍.ഡി.എഫ് നിങ്ങളോട് പറയുന്നില്ല എന്നേയുള്ളൂ. വരികള്‍ക്കിടയിലൂടെ അത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും. രാഷ്ട്രീയ പ്രചാരണം നടത്താനുള്ള വേദിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. സഭ അധഃപതിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.

ഇടതുമുന്നണിയുടെ ഡല്‍ഹി സമരത്തെ മുരളീധരന്‍ പരിഹസിച്ചു. തള്ള് സര്‍ക്കാര്‍ നടത്തുന്ന തള്ള് നാടകമാണ് സര്‍ക്കാരിന്റേത്. പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നത് തള്ള് സര്‍ക്കാര്‍ ആണ് ഇനിമുതല്‍. ഡല്‍ഹിയില്‍ നല്ല തണുപ്പാണ്. നവകേരളയാത്രക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലേക്ക് ചില്‍ ചെയ്യാനാണ് പോകുന്നത്. കേരള ഹൗസില്‍ നിന്ന് ജന്ദര്‍മന്തറിലേയ്ക്ക് നടന്ന് പോകാനേ അല്ലെങ്കിലും കഴിയൂ. ഇ.പി.ജയരാജന്‍ പല വിഡ്ഢിത്തരവും പറയും. സമരമല്ല സമ്മേളനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

Top