ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

പത്തനംതിട്ട: സിപിഎം നേതാവ് ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎമ്മിനുള്ളില്‍ ഇത് നാളുകളായി നടന്നു വരുന്നതാണ്. പുറത്തു വരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സിപിഎം നേതാക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്തുക്കള്‍ വാരിക്കൂട്ടുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

ഇപി ജയരാജന്റെ ഭാര്യയും മകനും ആയുര്‍വേദ റിസോര്‍ട്ടില്‍ പങ്കാളിയാണെന്നാണ് കേള്‍ക്കുന്നത്. എന്താണ് അവരുടെ വരുമാനത്തിന്റെ സ്രോതസ്സ്. എന്തു വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ക്ക് ഇത്തരം സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത്?. ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടെ പേരിലും ഇഷ്ടക്കാരുടെ പേരിലും വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയാണ്.

കേരളത്തിലെ സിപിഎമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍, അവര്‍ എംഎല്‍എയോ, എംപിയോ ആകുന്നതിന് മുമ്പത്തെ സാമ്പത്തിക സ്ഥിതിയും ഇന്നത്തെ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്കെല്ലാം അറിയാം. ഇതുസംബന്ധിച്ച് സര്‍ക്കാരോ, പാര്‍ട്ടിയോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വസ്തുതകള്‍ പുറത്തു വിടുമോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.

പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തി ഒതുക്കി തീര്‍ക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. ആ സമീപനമാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ആ സമീപനം സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിന് പകരം വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ തക്ക അന്വേഷണത്തിന് സിപിഎം തയ്യാറാകണം. വിഷയം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അന്വേഷണത്തില്‍ ഒതുക്കിത്തീര്‍ക്കാതെ സത്യം ജനങ്ങളെ അറിയിക്കണമെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്.

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കുമെന്നാണ് സൂചന. അതിനിടെ ആരോപണം ഉന്നയിച്ച പി ജയരാജനെതിരെയും സിപിഎം നേതൃത്വത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ ബന്ധം, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പി ജയരാജനെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്.

Top