രാജ്യസഭയിലുണ്ടായത് ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: രാജ്യസഭയിലുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയാണെന്ന് വി.മുരളീധരന്‍. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാണിച്ചത്. പാര്‍ലമെന്റില്‍ കാണിച്ചത് ശിവന്‍കുട്ടി സ്‌കൂളില്‍ പഠിച്ചതിന്റെ പുനരാവിഷ്‌കാരമാണ്. കേരളത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ട് നില്‍ക്കുന്നു. പക്വതയോടെ കാര്യങ്ങളെ കാണുക എന്നതാണ് രാജ്യസഭയുടെ പാരമ്പര്യമെന്നും മുരളീധരന്‍ പറഞ്ഞു.

തൊഴിലാളി വര്‍ഗ നേതാവ് എന്ന് പറയുന്നയാളാണ് പാര്‍ലമെന്റില്‍ മാര്‍ഷലുകളുടെ കഴുത്തിന് പിടിച്ചത്. കേരളത്തിലെ ശിവന്‍കുട്ടി സ്‌കൂളില്‍ നിന്നുളളവരാണ് ഇവരെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പിണറായി നിര്‍ദ്ദേശിക്കുന്ന പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറി.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സിപിഎം പിന്തുണയും കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണയുമാണെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യവുമായി ഇരു പാര്‍ട്ടികളുടെയും നിലപാടിന് ബന്ധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Top