ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ട് മാത്രമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ട് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 20000 കോടിയുടെ കൊവിഡ് പാക്കേജും 11000 കോടിയുടെ തീരദേശ പാക്കേജും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. കൊവിഡ് പാക്കേജിനുള്ള പണം പദ്ധതി വിഹിതത്തില്‍ നിന്നാണോ എന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 20000 കൊവിഡ് പാക്കേജ് തട്ടിപ്പായിരുന്നെന്ന് തെളിഞ്ഞതാണ്. തീരദേശ വികസനത്തിന് 2018-19 ബജറ്റില്‍ പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജും 2020-21 ലെ 1000 കോടിയും ഇപ്പോഴും കടലാസിലാണെന്നിരിക്കെയാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ച് തീരദേശവാസികളെ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് അനുസരിച്ച് 5000 കോടി ഖജനാവില്‍ നീക്കിയിരിപ്പുണ്ട്. ഇതേകുറിച്ച് പുതിയ ബജറ്റില്‍ പരാമര്‍ശം ഇല്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെകുറിച്ച് വിശദീകരിക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top