ഞാനടക്കം കോടിക്കണക്കിനാളുകള്‍ മനസ്സുകൊണ്ട് അയോധ്യയിലാണ്; വി മുരളീധരന്‍

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്ന ഇന്ന താനടക്കമുള്ള കോടിക്കണക്കിന് ആളുകള്‍ മനസ്സുകൊണ്ട് അയോധ്യയിലാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.

‘രാമക്ഷേത്രനിര്‍മ്മാണത്തെ വിവാദങ്ങളില്‍പ്പെടുത്തി ചുരുക്കിക്കാണാന്‍ സങ്കുചിത മനസ്ഥിതിയുള്ള ചില സ്ഥാപിത താല്‍പര്യക്കാര്‍ക്കേ കഴിയൂ. അത്തരക്കാരോട് തര്‍ക്കിച്ചിട്ട് ഒരു കാര്യവുമില്ലാത്തതിനാല്‍, ഈ പുണ്യ ദിനത്തിന്റെ പവിത്രത കളയാതിരിക്കാന്‍ , അത്തരക്കാരെ അവഗണിക്കുകയാവും ഉചിതം’ മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭാരത ചരിത്രത്തിന്റെ ഏടുകളിലേക്ക് , ഒരു രാജ്യം മുഴുവനുയരുന്ന പ്രാർത്ഥനകളുടെ അകമ്പടിയോടെ, ചേരുന്ന പുണ്യദിനമാണ് ഇന്ന്. ശ്രീരാമ ക്ഷേത്ര പുനർ നിർമാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും യാഥാർത്ഥ്യമാകുന്ന ചരിത്രമുഹൂർത്തം.
ശിലാന്യാസ സമയത്തും ഭൂമിപൂജയിലും വിതറാനായി ഇന്ത്യയിലെ 2000 തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നാണ് മണ്ണും തീര്‍ത്ഥജലവും . എത്തിയിരിക്കുന്നത്.

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അയോദ്ധ്യയിലെ തർക്കഭൂമിയുടെ കാര്യത്തിൽ അന്തിമ തീർപ്പ് കൽപിച്ചത്. അന്നു തൊട്ട് ക്ഷേത്രനിർമ്മാണം തുടങ്ങുന്ന ഈ സുദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കോടിക്കണക്കിന് വരുന്ന വിശ്വാസികൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തുന്ന മുപ്പത്തിരണ്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ള മുഹൂർത്തത്തിൽ ചടങ്ങിന് നേരിട്ട് സാക്ഷിയാകുന്നത് 175 പേർ മാത്രം. പക്ഷേ, ഞാനടക്കം കോടിക്കണക്കിനാളുകൾ മനസു കൊണ്ട് അയോദ്ധ്യയിലാണ്.
അയോദ്ധ്യ നഗരിയിലെങ്ങും ശ്രീരാമ ദേവന്റെയും സീതാദേവിയുടെയും ചിത്രങ്ങൾ നിറഞ്ഞു കഴിഞ്ഞു.അയോദ്ധ്യയിലെ ക്ഷേത്ര നഗരിയിൽ പൂർണ്ണമായും കൊവിഡ് ചട്ടങ്ങൾ പാലിച്ചു കൊണ്ടാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
ദീപങ്ങളും നിറങ്ങളും ശ്രീരാമസ്തുതികളും നിറഞ്ഞ അയോദ്ധ്യാപുരിയിലെ ചടങ്ങുകൾ ദൂരദർശൻ വഴി എല്ലാവർക്കും തൽസമയം കാണാം.

ശ്രീരാമ ക്ഷേത്രം സമാധാനവും സമൃദ്ധിയും സാഹോദര്യവുമുള്ള ഒരു സമൂഹത്തിന്റെ പ്രതീകമായി ലോകത്തിന് മുന്നിൽ ഇനി തലപ്പൊക്കത്തോടെ ഉയർന്നു നിൽക്കും. രാമക്ഷേത്രനിർമ്മാണത്തെ വിവാദങ്ങളിൽപ്പെടുത്തി ചുരുക്കിക്കാണാൻ സങ്കുചിത മനസ്ഥിതിയുള്ള ചില സ്ഥാപിത താൽപര്യക്കാർക്കേ കഴിയൂ. അത്തരക്കാരോട് തർക്കിച്ചിട്ട് ഒരു കാര്യവുമില്ലാത്തതിനാൽ, ഈ പുണ്യ ദിനത്തിന്റെ പവിത്രത കളയാതിരിക്കാൻ , അത്തരക്കാരെ അവഗണിക്കുകയാവും ഉചിതം!!

Top