പിണറായി വിജയന്റെ കിരീടത്തിലെ പൊന്‍തൂവലാണ് കെ ടി ജലീല്‍; വി മുരളീധരന്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് കിറ്റ് സംഘടിപ്പിച്ച മന്ത്രി കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കേരളം ഭരിച്ചുമുടിച്ച പിണറായി വിജയന്റെ കിരീടത്തിലെ പൊന്‍തൂവലുകളാണ് മന്ത്രി കെ.ടി ജലീലും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊക്കെ. പ്രോട്ടോകോള്‍ ലംഘിച്ച് മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ചോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും തയാറാകണമെന്ന് മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

പ്രോട്ടോകോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റിൽ നിന്ന് കിറ്റ് സംഘടിപ്പിച്ച മന്ത്രി കെ.ടി.ജലീലിന്റെ വിശദീകരണം കണ്ടു. മതാടിസ്ഥാനത്തിലല്ല, കാര്യവിവരമുളളവരെ വേണം മന്ത്രിസ്ഥാനത്തിരുത്താനെന്ന് പറയുന്നത് ഇതുകൊണ്ടാണ്. കേരളം ഭരിച്ചുമുടിച്ച പിണറായി വിജയന്റെ കിരീടത്തിലെ പൊൻതൂവലുകളാണ് മന്ത്രി കെ.ടി ജലീലും സ്പീക്കർ ശ്രീരാമകൃഷ്ണനുമൊക്കെ. സോളാറിൽ യുഡിഎഫ് നേതാക്കളുടെ മുഖം മൂടി അഴിഞ്ഞുവീണതുപോലെയാണ് സ്വർണക്കളളക്കടത്ത് കേസു വന്നപ്പോൾ പിണറായി വിജയന്റെയും ഉപഗ്രഹങ്ങളുടെയും മുഖംമൂടി അഴിഞ്ഞു വീണത്. എന്തിനും ഏതിനും കൺസൾട്ടൻസികളെ നിയമിച്ച് ഖജനാവ് മുടിക്കുന്ന മുഖ്യമന്ത്രിക്ക് ഇവരേപ്പോലുളളവരെ കിട്ടിയില്ലെങ്കിലേ അതിശയമുള്ളൂ.

മന്ത്രി കെ ടി ജലീൽ സക്കാത്തിനെപ്പറ്റിയൊക്കെ വിവരിക്കുന്നത് കണ്ടു. താങ്കൾ ഒരു കാര്യം മനസിലാക്കണം. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം മതാടിസ്ഥാനത്തിലല്ല. അത് രാജ്യങ്ങൾ തമ്മിലുളള നയതന്ത്ര ബന്ധമാണ്, അതിന് കൃത്യമായ പ്രോട്ടോകോൾ ഉണ്ട്. കൃത്യമായ രാജ്യാന്തര ധാരണകളും വ്യവസ്ഥകളുമുണ്ട്. അതൊന്നും മനസിലാക്കാതെ എന്തിന്റെ പേരിലായാലും കോൺസുലേറ്റിൽ നിന്ന് കിറ്റുകൾ കൈപ്പറ്റിയത് ശരിയായില്ല. ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരിക്കുന്ന കെ. ടി ജലീലിനേപ്പോലൊരാൾ അതിന് മുതിരരുതായിരുന്നു. ജലീലിന് ഇതൊന്നും അറിയില്ലെങ്കിൽ മന്ത്രിക്കസേരയിലിരുന്ന് ഗീർവാണം മുഴക്കും മുമ്പ് വിവരമുളള ആരോടെങ്കിലും അന്വേഷിക്കണം. ഇരിക്കുന്ന കസേരയോടും പൊതുജനങ്ങളോടും കാണിക്കേണ്ട മര്യാദ കൂടിയാണത്.

പ്രോട്ടോകോൾ ലംഘിച്ച് മറ്റൊരു രാജ്യത്തെ കോൺസുലേറ്റിൽ നിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും തയാറാകണം. സ്വന്തം മന്ത്രിസഭയിലെ ഒരാൾ പ്രോട്ടോകോൾ ലംഘനം നടത്തിയാൽ അത് തിരുത്തേണ്ട ബാധ്യത മുഖ്യമന്തിയെന്ന നിലയിൽ പിണറായി വിജയനുണ്ട്. അതിനു തയാറാകുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും കെ.ടി ജലീലിന് കുടപിടിയ്ക്കുകയാണെന്ന് കരുതേണ്ടി വരും.
തന്റെ കൂടി അറിവോടെയാണോ കെ.ടി ജലീൽ ഈ പ്രോട്ടോകോൾ ലംഘനം നടത്തിയതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം.
തെറ്റുപറ്റിപ്പോയെന്ന് ബോധ്യപ്പെട്ടാൽ തിരുത്തുകയാണ് വേണ്ടത്. പ്രത്യേകിച്ചും പൊതു പ്രവർത്തകർ. അതാണ് മാന്യത. അല്ലാതെ പറ്റിപ്പോയ തെറ്റിനെ മുട്ടിന് മുട്ടിന് ന്യായീകരിക്കുകയല്ല വേണ്ടത്.ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. ടി ജലീലിനും സമയം കഴിഞ്ഞു പോയിട്ടില്ല. പറ്റിപ്പോയത് ഏറ്റുപറഞ്ഞ് തിരുത്താൻ കെ.ടി ജലീൽ തയാറാകണം. അതിന് തയ്യാറല്ലെങ്കിൽ മന്ത്രിയെ തിരുത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്!!

Top