നീതി കിട്ടും വരെ വാളയാറിലെ കുഞ്ഞുങ്ങള്‍ക്കായി ജ്വലിക്കട്ടെ പ്രതിഷേധം: വി.മുരളീധരന്‍

ന്യൂഡല്‍ഹി: വാളയാര്‍ കേസില്‍ കേരളമാകെ രോക്ഷം കത്തി പടരുകയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ദിനംതോറും ഉയരുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വി.മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചത്.കഴുക്കോലില്‍ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കേരള മനസാക്ഷിക്കു മുന്നില്‍ നൊമ്പരച്ചിത്രമായി നില്‍ക്കുകയാണ്. അമ്മമാരുടെ മനസ് ആളിക്കത്തുകയാണ്. ജനരോഷം ഇരമ്പിയിട്ടും പുനരന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത് ആരെ ഭയന്നാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴുക്കോലിൽ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കേരള മനസാക്ഷിക്കു മുന്നിൽ നൊമ്പരച്ചിത്രമായി നിൽക്കുകയാണ്. അമ്മമാരുടെ മനസ് ആളിക്കത്തുകയാണ്. ജനരോഷം ഇരമ്പിയിട്ടും പുനരന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി മടിക്കുന്നത് ആരെ ഭയന്നാണ്? ശക്തമായ തെളിവുകളും പെൺകുട്ടികളുടെ അമ്മയുടെ മൊഴിയും വിചാരണ വേളയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതിരുന്ന അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടിനെ ഇനിയും പാടിപ്പുകഴ്ത്തുകയാണോ സർക്കാർ ? കളിച്ചുല്ലസിക്കേണ്ട പ്രായത്തിൽ കൊഴിഞ്ഞു പോയ ആ പിഞ്ചു മക്കൾക്ക് നീതി ലഭ്യമാക്കാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും നിരുത്തരവാദപരമായ സമീപനം മാറ്റി നീതി ലഭ്യമാക്കണം. ദരിദ്രർക്കും ദളിതർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയെന്ന പേര് വാളയാറിൽ മറന്നത് പ്രതികൾ സ്വന്തം കൂട്ടരായതിനാലാണോ? പ്രതികൾക്കു വേണ്ടി ഒത്തുകളിച്ച പൊലീസിനും പ്രോസിക്യൂഷനുമെതിരെ നടപടിയെടുക്കാൻ മടിയെന്ത്? മൂത്ത കുട്ടിയുടെ ഓട്ടോപ്സിയിൽ ലൈംഗിക പീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും ആ വഴിക്ക് അന്വേഷണം പോകാതിരുന്നതും മനപൂർവ്വമാണ്. 52 ദിവസത്തെ ഇടവേളയിൽ ഇളയവളും മരണത്തിലേക്ക് പോയത് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി തന്നെയാണ്. അത് ചെയ്തത് കുറ്റാരോപിതരെന്ന് തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന സെഷൻസ് കോടതിയുടെ നിരീക്ഷണം വിരൽ ചൂണ്ടുന്നത് സർക്കാരിന്റെ കഴിവുകേടിലേക്കാണ്. വാളയാർ കേസിൽ പുനരന്വേഷണം ഉടൻ പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണം. മൂന്നാം പ്രതി പ്രദീപിനു വേണ്ടി ഹാജരായ അഡ്വ.എൻ രാജേഷിനെ വിചാരണ വേളയിൽ ശിശുക്ഷേമ സമിതി ചെയർമാനായി നിയമിച്ചതും അന്വേഷണ പരിധിയിൽ വരണം. അപ്പീൽ പോകുന്നതിൽ മാത്രം ഒതുക്കി ആ കുഞ്ഞുങ്ങളെ ഇനിയും അനീതിയുടെ ഇരകളാക്കി സമൂഹത്തിന് മുന്നിൽ നിർത്തരുത്. ആർക്കു വേണ്ടി ഈ കേസ് അട്ടിമറിച്ചെന്നതിന്റെ ഉത്തരമറിയാൻ പുനരന്വേഷണം കൂടിയേ തീരൂ. നീതി കിട്ടും വരെ വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം.!!

Top