ധനമന്ത്രിക്ക് ബുദ്ധിഭ്രമം സംഭവിച്ചോയെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: സിഎജി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഉപ്പുതിന്നുവെന്ന് അറിയുന്നത് കൊണ്ടും അതില്‍ വെള്ളം കുടിക്കേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണോ മന്ത്രി തോമസ് ഐസക്ക് സി.എ.ജി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. സി.എ.ജി. ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് കേന്ദ്രവിരുദ്ധ സമരത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുകയല്ല വേണ്ടത്. പകരം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ക്ക് മറുപടി നല്‍കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കളി പുറത്തുവരുമെന്നതിനാലാണ് സി.എ.ജി. അന്വേഷണത്തെ എതിര്‍ക്കുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാല്‍ കിഫ്ബിക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ഐസക്ക് കുടുങ്ങുമെന്ന് കരുതിയിട്ടാണോ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണത്തിന് കത്ത് എഴുതാത്തതെന്നും മുരളീധരന്‍ ചോദിച്ചു.

തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചോ എന്നാണ് സംശയം. കിഫ്ബിയെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍.എസ്.എസ്. എന്തെങ്കിലും പ്രത്യേക സംവിധാനം ഏര്‍പ്പാടാക്കിയോ എന്ന് ഞാനിതുവരെ മനസിലാക്കിയിട്ടില്ല. തോമസ് ഐസക്കിന് അതെല്ലാം അറിയാമെങ്കില്‍ അദ്ദേഹം അക്കാര്യങ്ങള്‍ പുറത്തുവിടട്ടെ. രാംമാധവ് എന്നുവന്നു, ആരെ കണ്ടു, എവിടവെച്ച് കണ്ടു എന്നത് വിജിലന്‍സ് അന്വേഷിക്കട്ടെ. ക്രൈംബ്രാഞ്ച് കേസെടുക്കട്ടെ. കള്ളപ്പണത്തിന് എതിരായി കേരളത്തില്‍ നടക്കുന്ന അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് ശ്രമം.

അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇതാ മോദി വരുന്നുവെന്ന് നിലവിളിക്കുന്നതില്‍ പ്രയോജനമില്ല. അതിന്റെ യഥാര്‍ഥ കാരണം ജനങ്ങള്‍ മനസിലാക്കുമെന്നതില്‍ സംശയം ഉണ്ടാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top