പ്രതിപക്ഷ നേതാവ് എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ ഭയക്കുന്നത്? ;വി.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരവും സമ്മര്‍ദ്ദപ്രകാരവും കൈക്കൊണ്ട നടപടിക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഎം തീരുമാനിക്കട്ടെ എന്നും മുരളീധരന്‍ പറഞ്ഞു. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് തീരുമാനം എടുക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ധൈര്യമുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.

വൈസ് ചാന്‍സലറുടെ ആദ്യനിയമനം തന്നെ തെറ്റായിരുന്നുവെന്ന് കോടതി പറയുന്നുണ്ട്. സ്വജനപക്ഷപാതം അഴിമതിയെന്ന് നിലപാട് എടുത്ത സിപിഎം ഇപ്പോള്‍ മിണ്ടുന്നില്ല.അഴിമതിക്കാരനായ പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷം സംരക്ഷണമൊരുക്കുകയാണെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു. പിണറായി വിജയന് വേണ്ടി സിപിഎം നേതാക്കളേക്കാള്‍ മുന്‍നിരയില്‍ വി.ഡി.സതീശനുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി മാത്രം രാജിവച്ചാല്‍ മതിയെന്ന നിലപാടാണ് വി.ഡി.സതീശനുള്ളത്. പ്രതിപക്ഷ നേതാവ് എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ ഭയക്കുന്നത്?.രാജിവേണ്ടെന്ന് ഭരണ-പ്രതിപക്ഷം തീരുമാനിച്ചാലും ജനത്തിന് മറ്റൊരു അഭിപ്രായമുണ്ടാകില്ലെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top