ജി.എസ്.ടി ; കച്ചവടക്കാര്‍ക്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു ; വി.മുരളീധരന്‍

തിരുവനന്തപരും: ജി.എസ്. ടി നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍ ജനക്ഷേമ നടപടി സ്വീകരിച്ചപ്പോള്‍ അതിന്റെ മറവില്‍ കച്ചവടക്കാര്‍ക്ക് കൊള്ളയടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.

14.5 ശതമാനം വാണിജ്യ നികുതിയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ജിഎസ്ടി വന്നപ്പോള്‍ നികുതിയില്ലാതാവുകയാണ് ചെയ്തത്. എന്നാല്‍ കോഴിക്കച്ചവടക്കാര്‍ വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു. ഇത് കൊള്ളയടിക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് മുരളീധരന്‍ ആരോപിച്ചു.

നികുതിയില്ലാത്ത പച്ചക്കറിക്കും മത്സ്യത്തിനുമൊക്കെ വിലകൂട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ്. കടകളില്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ ഇവരുമായി ചര്‍ച്ച നടത്താന്‍ പോവുന്ന ധനമന്ത്രി ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പ് ഇത് നടത്തേണ്ടതായിരുന്നു.

കച്ചവടക്കാരേയും ജീവനക്കാരേയുംപൊതുജനങ്ങളേയും വിശ്വാസത്തിലെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനും ഇതുവരെ നികുതി പിരിച്ചിരുന്ന വാണിജ്യ നികുതി വകുപ്പിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ കച്ചവടക്കാര്‍ കൊള്ളയടിക്കുമ്പോള്‍ സര്‍ക്കാര്‍ വാചകമടിക്കാതെ നടപടികളെടുക്കുകയാണ് വേണ്ടത്. ജിഎസ്ടി മൂലമുള്ള വിലക്കുറവ് പൊതുജനങ്ങള്‍ക്ക് നിഷേധിക്കുകയും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്നവരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അക്കാര്യം ജനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുമെന്നും വി.മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

Top