കേരളം അനുമതി നല്‍കിയത് 12 വിമാനങ്ങള്‍ക്ക്; മുഖ്യമന്ത്രിയുടെ വാദം തെറ്റിദ്ധാരണ മൂലം

ന്യൂഡല്‍ഹി: വന്ദേ ഭാരതിന്റെ ഭാഗമായി പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. കേരളം കേന്ദ്രത്തിന് മുമ്പില്‍ നിബന്ധനകള്‍ വെച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റിദ്ധാരണ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.

ദിവസേന 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ദിവസം ആകെ 12 എന്ന കണക്കില്‍ മാസത്തില്‍ 360 അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് കേരളം അനുമതി നല്‍കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗള്‍ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.

36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും കത്തില്‍ സൂചിപ്പിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനം അയക്കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തില്‍ പറഞ്ഞിട്ടില്ലെന്നും കത്തിലെ വരികള്‍ പരാമര്‍ശിച്ച് കൊണ്ട് മുരളീധരന്‍ വ്യക്തമാക്കി.കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

Top