ബീഫ് വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പ്: വിമര്‍ശിച്ച് വി. മുരളീധരന്‍

തിരുവനന്തപുരം: പൊലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബീഫ് വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് പറഞ്ഞ മന്ത്രി പള്ളിത്തര്‍ക്കത്തിലും ശബരിമലയിലും ഇതു തന്നെയാണ് സി.പി.എം ചെയ്തതെന്നും ആരോപിച്ചു.

കേരള പൊലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയത് വിവാദമാകുകയാണ്. പൊലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്.

വിവിധ ക്യാംപുകള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ മെനുവിലാണ് ബീഫിനെ ഒഴിവാക്കിയത്. ആരോഗ്യവിദഗ്ധര്‍ നല്‍കിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എഡിജിപിയുടെ വിശദീകരണം.

വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ തയ്യാറാക്കിയ ഭക്ഷണക്രമത്തില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്.

നിലവില്‍ പുഴുങ്ങിയ മുട്ടയും, മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലുമാണ് ഭക്ഷണക്രമത്തിലുള്ളത്. എന്നാല്‍ ഏതെങ്കിലും ക്യാംപുകളില്‍ ബീഫ് കഴിക്കണമെങ്കില്‍ അവിടത്തെ ഭക്ഷണകമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.പക്ഷെ ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാര്‍ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.

നേരത്തെ, തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടാണ് നിരോധനം നീക്കിയത്.

Top