സ്വര്‍ണക്കടത്ത് കേസ് ; വി. മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്നു കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കെ വിവാദങ്ങളുടെ പുകമറ ഉയര്‍ത്തുന്നവര്‍ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് ദുരന്തകാലത്തുപോലും നാടിനെയും നാട്ടുകാരെയും കുരുതി കൊടുത്തുകൊണ്ട് ഹീനമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പി.- യു.ഡി.എഫ്. കൂട്ടുകെട്ടിനെ ജനം തിരിച്ചറിയുമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.

കള്ളക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്നും കോടിയേരി പറഞ്ഞു. നയതന്ത്രബാഗിലല്ല സ്വര്‍ണംകടത്തിയതെന്നാണു മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ നയതന്ത്രബാഗിലാണെന്നു എന്‍ഐഎ പറയുന്നത്. സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനക്കാരിലേക്കും വിരല്‍ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല. വിദേശകാര്യസഹമന്ത്രിയായി തുടരുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഈ സ്വര്‍ണക്കടത്ത് പുറത്തുവന്നയുടന്‍ പലര്‍ക്കുമെതിരേ വിരല്‍ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യതാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും കോടിയേരി ആരോപിച്ചു.

ഇതോടൊപ്പം പുറത്തുവന്ന മറ്റൊരുകാര്യം കൂടിയുണ്ട്. കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്നേഹം പ്രസംഗിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങി പുറപ്പെട്ടത് ശ്രദ്ധേയമാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top