v.m sudheeran published letter through facebook

VM-Sudheeran-

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ഇടുക്കിയിലെ ഹോപ്പ് പ്‌ളാന്റേഷന് മിച്ചഭൂമി കൈവശം വയ്ക്കാന്‍ നല്‍കിയ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനയച്ച കത്തുകള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പരസ്യപ്പെടുത്തി.

അധികാര സ്ഥാനത്തിരിക്കുന്നവരും സ്ഥാനം ഒഴിഞ്ഞവരുമായ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയു മേലുള്ള ആക്ഷേപങ്ങളേയും ആരോപണങ്ങളേയും സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വയ്ക്കാനേ വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഉപകരിക്കുകയുള്ളൂവെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. ഭരണരംഗത്തെ സുതാര്യത ഇല്ലാതാക്കുന്നതാമിത്. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തിന്റെ അന്ത:സത്ത നഷ്ടപ്പെടുത്തുന്ന നടപടിയാണിത്. അതിനാല്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഇടുക്കിയില്‍ ഹോപ്പ് പ്ലാന്റേഷന്‍ കൈയടക്കി വച്ചിരിക്കുന്ന 1303 ഏക്കര്‍ മിച്ചഭൂമിയാണെന്ന് 1976ല്‍ പീരുമേട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്ന് സുധീരന്‍ കത്തില്‍ പറയുന്നു. ഇതിനെതിരെ കന്പനി നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ ഉത്തരുവകളിലെ അപാകത ചൂണ്ടിക്കാട്ടി ഹോപ്പ് പ്ലാന്റേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കന്പനിയുടെ അപേക്ഷ പരിഗണിച്ച് ആറു മാസത്തിനകം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 ഡിസംബര്‍ 17ന് മന്ത്രിസഭായോഗം കന്പനിയുടെ കൈവശമുള്ള മിച്ചഭൂമിക്ക് ഇളവ് നല്‍കി. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട കോടികളുടെ വില വരുന്ന ഭൂമി ഹോപ്പ് പ്‌ളാന്റേഷന് ലഭിച്ചു. തീരുമാനം എടുക്കാന്‍ മാത്രമാണ് കോടതി നിര്‍ദ്ദേശിച്ചത്. മിച്ചഭൂമിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞരുന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്ലാന്റേഷനെ സഹായിക്കാനാണ്. അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top