V M Sudheeran-congress-CM candidate

ന്യൂഡല്‍ഹി: വി എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ മാത്രമേ കേരളത്തില്‍ യുഡിഎഫിന് വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയുള്ളുവെന്ന് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ പ്രമുഖ പി.ആര്‍ കമ്പനിയാണ് സുപ്രധാനമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും മതിയായ പ്രാധാന്യം ഉറപ്പ് വരുത്തണമെന്നും ജനപ്രിയരായ വ്യക്തികളെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളാക്കണമെന്നും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്.

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ വാദങ്ങള്‍ മുഖവിലക്കെടുക്കാതെ സ്വന്തം നിലക്കാണ് കേരളത്തിന്റെ മനസറിയാന്‍ വേറിട്ട മാര്‍ഗ്ഗം രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പഠനം നടത്തിയും സാധാരണക്കാര്‍ മുതല്‍ പ്രമുഖരായ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുസംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മുന്‍കാലങ്ങളില്‍ നിന്ന വ്യത്യസ്തമായി സാമുദായ ചേരിതിരിവ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകാനിടയുണ്ടെന്ന വ്യക്തമായ മുന്നറിയിപ്പ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മാത്രമല്ല ഭൂരിപക്ഷ വിഭാഗത്തിന്റെ പിന്‍തുണ കൂടി നേടിയെടുക്കാന്‍ വിഎം സുധീരന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്‍പ്പെടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായ ഭിന്നത ഒഴിവാക്കാന്‍ സോണിയാ ഗാന്ധി ഇടപെട്ടതും കെപിസിസി പ്രസിഡന്റിനൊപ്പം ഇരുവരും പത്രസമ്മേളനം നടത്താന്‍ നിര്‍ദ്ദേശിച്ചതും ‘അണിയറ’യില്‍ ലഭിച്ച ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണെന്നാണ് ലഭിക്കുന്ന സൂചന.

ഘടകകക്ഷി നേതാക്കളുമായി കേരള സന്ദര്‍ശന വേളയില്‍ സോണിയ കൂടികാഴ്ച നടത്തുന്നത് ആദ്യം അജണ്ടയിലുണ്ടായിരുന്നില്ല. പിന്നീട് രാഹുല്‍ ഗാന്ധിയുടെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കൂടികാഴ്ചക്ക് സോണിയ സമ്മതം മുളിയതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ സാധ്യമായ എല്ലാവഴികളും തേടുമെന്നും ഏതെങ്കിലും നേതാവിന്റെ താല്‍പര്യമല്ല മറിച്ച് വിജയസാധ്യതയുള്ള നേതാവിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനമെന്നുമാണ് പ്രമുഖ നേതാവ് വ്യക്തമാക്കിയത്.

ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി തന്നെ സ്വയം വ്യക്തമാക്കിയ സ്ഥിതിക്ക് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Top