V M Sudheeran comment on Mullapperiyar Issue

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. വിസ്മയകരമായ മലക്കം മറിച്ചിലാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുവ്യക്ത നയം കൈക്കൊള്ളാന്‍ അടിയന്തിരമായി സര്‍വ്വകക്ഷി യോഗം വിളിക്കണം. കേരള നിമയസഭയും സര്‍വ്വകക്ഷി യോഗവും ഏകകണ്ഠമായി അംഗീകരിച്ച നിലപാട് ദുര്‍ബ്ബലമാക്കുന്ന സമീപനമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

അയല്‍ സംസ്ഥാനമെന്ന നിലയ്ക്ക് തമിഴ്‌നാടുമായി സൗഹൃദം വേണം. എന്നാല്‍ അസ്ഥാനത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സംസ്ഥാനത്തിന്റെ വാദഗതികളെ അട്ടിമറിക്കുന്നതാണ്. അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ല.

പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കി. നിലപാട് സംസ്ഥാന താല്‍പര്യത്തിന് നിരക്കുന്നതുമല്ല. അതിനാല്‍ മുഖ്യമന്ത്രി തന്റെ പരാമര്‍ശം പിന്‍വലിക്കണം. സംസ്ഥാനത്തിന്റെ നിലപാട് ആവര്‍ത്തിച്ച് ഉറപ്പിച്ചില്ലെങ്കില്‍ അത് ആത്മഹത്യാപരമാവുമെന്നും സുധീരന്‍ പറഞ്ഞു.

അതിരപ്പിള്ളി വിവാദവും തികച്ചും അസ്ഥാനത്തായിപ്പോയി. സമഗ്രവും സമ്പൂര്‍ണ്ണവും വിശ്വാസയോഗ്യവുമായ പഠനം നടത്തി ശരിയായ വിലയിരുത്തലിനു ശേഷം വേണം ഇതേക്കുറിച്ച് ആലോചിക്കാന്‍. ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ അഭിപ്രായവും ആരായണം.

പദ്ധതിക്ക് ജല ലഭ്യത ഉണ്ടാവില്ലെന്ന അഭിപ്രായം നിലവിലുണ്ട്. ഇപ്പോള്‍ വിഭാവനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ചിലവും വേണ്ടിവരും. ആദിവാസി ജീവിതത്തിനും തടസമുണ്ടാവും. ഇതെല്ലാം പരിഗണിക്കണം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവര്‍ത്തിച്ചുള്ള വിലവര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യു.ഡി.എഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും സുധീരന്‍ ആരോപിച്ചു.

Top