തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ പ്രസംഗത്തിനെതിരായ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരേ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.
കേസ് ഡയറി പരിഗണിക്കാതെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയുടെ അധികാരപരിധി ലംഘിച്ചുള്ള വിധിയാണിത്. പ്രതിയുടെ അപേക്ഷ മാത്രം പരിഗണിച്ചാണ് കോടതി കേസിനെ വിലയിരുത്തിയതെന്നും ഇതു സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും സുധീരന്‍ ആരോപിച്ചു.
കേസില്‍ ബുധനാഴ്ചയാണ് ഹൈക്കോടതി വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിക്കാരന്‍ ഒളിവില്‍ പോകുമെന്നോ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു വഴുതിമാറുമെന്നോ സര്‍ക്കാരിന് ആശങ്കയില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്ന് ജസ്റ്റീസ് പി.ബി. ഭവദാസനാണ് ഉത്തരവിട്ടത്.


