v m sudheeran

ന്യൂഡല്‍ഹി : ആരോപണ വിധേയരെയും കളങ്കിതരെയും വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ വി.എം.സുധീരന്റെ നീക്കം.

വിജയ സാധ്യതാവാദം പറഞ്ഞ് കളങ്കിതരെ മത്സരിപ്പിക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായി നടത്തുന്ന നീക്കമാണ് സുധീരനെ ചൊടിപ്പിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി മത്സര രംഗത്തുള്ള മന്ത്രി കെ.സി ജോസഫ്, ബാര്‍കോഴ വിവാദത്തില്‍ ആരോപണ വിധേയനായ കെ.ബാബു, സോളാര്‍ വിവാദത്തില്‍പ്പെട്ട ബെന്നി ബെഹന്നാന്‍, ഭൂമി വിവാദത്തില്‍പ്പെട്ട അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരെയാണ് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി സുധീരന്‍ നിലപാട് കടുപ്പിക്കുന്നത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട ഹൈക്കമാന്റിനെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സമ്മര്‍ദ്ദത്തിലാക്കി മാനദണ്ഡ നിര്‍ദ്ദേശം പൊളിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ച തീരുമാനം സുധീരന്‍ കൈക്കൊണ്ടിട്ടുള്ളത്. ആരോപണ വിധേയരെ മത്സരിപ്പിക്കുന്നെങ്കില്‍ താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന സൂചന ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും സുധീരന്‍ നല്‍കിയിട്ടുണ്ട്.

ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം നല്‍കി സംശുദ്ധമായ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറായാല്‍ മാത്രമേ വീണ്ടും അധികാരത്തില്‍ വരാന്‍ സാധിക്കൂ എന്നും, അതല്ലാതെ ഗ്രൂപ്പിന്റെ ബലത്തില്‍ എന്ത് വൃത്തികേട് കാണിച്ചാലും സീറ്റ് തരപ്പെടുത്താമെന്ന വ്യാമോഹം താന്‍ പ്രസിഡന്റായിരുന്നുകൊണ്ട് നടത്തേണ്ട എന്ന നിലപാടിലാണ് സുധീരന്‍.

സ്‌ക്രീനിങ് കമ്മിറ്റിയിലെ ഭൂരിപക്ഷത്തില്‍ കണ്ണും നട്ട് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്ന എ ഐ ഗ്രൂപ്പുകളെ സുധീരന്റെ അപ്രതീക്ഷിത നീക്കം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നതായാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന വിവരം.യുവ – വനിതാ പടയാകട്ടെ സുധീരന്റെ നിലപാടുകള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയുമാണ്. എം.എല്‍.എ സ്ഥാനം കുത്തകയാക്കിയവരും ആരോപണ വിധേയരും മാറണമെന്ന് തന്നെയാണ് ഇവരുടെയും നിലപാട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായി നില്‍ക്കുകയും, ആരോപണ വിധേയരെ മാറ്റുകയാണെങ്കില്‍ തന്നെ ആദ്യം മാറ്റിക്കൊള്ളാന്‍ മുഖ്യമന്ത്രി നിലപാടെടുക്കുകയും ചെയ്തിരിക്കെയാണ് ഇരു കൂട്ടര്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച് സുധീരന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നിലവിലെ സാഹചര്യം യു.ഡി.എഫിനെയാകെ ആശങ്കപ്പെടുത്തുന്നതാണ്. സുധീരനെ അനുനയിപ്പിക്കാന്‍ എ.കെ. ആന്റണിയെ ഇടപെടുത്താന്‍ എം.എം.ഹസ്സന്‍ ഉള്‍പ്പെടെയുള്ള ആന്റണിയുടെ സുഹൃത്തുക്കളായ ‘എ’ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആന്റണിയും സുധീരന്റെ നിലപാടിനൊപ്പം തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് മികച്ച പ്രതിച്ഛായയും ജനപിന്‍തുണയുമുള്ള സുധീരനെ ”കൈവിട്ട്” തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ അത് യുഡിഎഫിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്നുറപ്പാണ്.

Top