അന്താരാഷ്ട്ര അത്‌ലറ്റിക്‌സില്‍ മലയാളിയുടെ അഭിമാനമായി വി.കെ. വിസ്മയ

ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ അന്താരാഷ്ട്ര അത്‌ലറ്റിക്‌സില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി മലയാളിയുടെ അഭിമാനമായിരിക്കുകയാണ് വി.കെ. വിസ്മയ. ഓരോ മത്സരത്തിലും തന്റെ മികച്ച സമയം പുറത്തെടുത്ത് മുന്നേറുകയാണ് ഈ കണ്ണൂരുകാരി ഇപ്പോള്‍.

ജൂണ്‍ 26ന് നടന്ന അന്താരാഷ്ട്ര ഗോളിനോ അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ 52.58 സെക്കന്റില്‍ മികച്ച വിജയം നേടി. ക്ലാഡ്‌നോ അത്‌ലറ്റിക്‌സില്‍ 52.54 സെക്കന്റിനുള്ളില്‍ ഫിനിഷിങ് ലൈനില്‍ തൊട്ടു. നോവേ മെസ്‌റ്റോ ചെക് റിപ്പബ്ലിക്കില്‍ 52.48 സെക്കന്റില്‍ ഹിമാ ദാസിനു പിന്നാലെ രണ്ടാമതായി തന്റെ തന്നെ അടുത്ത മികച്ച സമയം കണ്ടെത്താന്‍ വിസ്മയയ്ക്കു കഴിഞ്ഞു.

ഹിമാ ദാസിനും മുഹമ്മദ് അനസിനുമൊപ്പം ചുരുങ്ങിയ കാലയളവില്‍ രാജ്യത്തിന്റെ അഭിമായി മാറിയിരിക്കുകയാണ് വിസ്മയ. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. അന്ന് റിലേയുടെ ആങ്കര്‍ പോര്‍ഷന്‍ ഓടിയെടുത്തത് വിസ്മയ ആയിരുന്നു. ഏവരേയും വിസ്മയിപ്പിച്ച ആ പ്രകടനം രാജ്യത്തിനു സമ്മാനിച്ചത് വി.കെ വിസ്മയ എന്ന മികച്ച അത്‌ലറ്റിനെയാണ്. ഓരോ മത്സരത്തിലും തന്റെ മികച്ച പ്രകടനം കാഴ്ചവച്ച് അക്ഷരാര്‍ത്ഥത്തില്‍ അത് തെളിയിക്കുകയാണ് താരമിപ്പോള്‍.

Top