രാജ്യത്തിന് അഭിമാനമായ താരത്തിനോട് അവഗണന കാട്ടി സർക്കാർ . . .

വെറും ഇരുപത്തിനാല് ദിവസങ്ങള്‍ കൊണ്ട് ആറ് അന്താരാഷ്ട്ര മെഡലുകള്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്ത് രാജ്യത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് വി.കെ വിസ്മയ എന്ന കണ്ണൂരുകാരി. ജൂണ്‍ 26 മുതല്‍ ജൂലൈ 20 വരെ താരം നേടിയത് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമടക്കം ആറ് അന്താരാഷ്ട്ര മെഡലുകളാണ്. ഓരോ മത്സരത്തിലും വിസ്മയ തന്റെ തന്നെ മികച്ച സമയം കണ്ടെത്തിയിരിക്കുകയുമാണ്.

ജൂണ്‍ 26ന് നടന്ന അന്താരാഷ്ട്ര ഗോളിനോ അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ 52.58 സെക്കന്റില്‍ വെങ്കലം നേടാന്‍ വിസ്മയക്കു കഴിഞ്ഞു. ജൂലൈ രണ്ടിന് നടന്ന പോസ്‌നാന്‍ ഗ്രാന്റ് പ്രിക്‌സില്‍ 200 മീറ്ററില്‍ 23.75 സെക്കന്റില്‍ വെങ്കലം നേടി. ജൂലൈ ഏഴിന് നടന്ന കുട്‌നോ ഗ്രാന്റ് പ്രിക്‌സില്‍ 200 മീറ്ററില്‍ 24.06 സെക്കന്റു കൊണ്ടാണ് അടുത്ത വെള്ളിയും 13ന് നടന്ന ക്ലാഡ്‌നോ അത്‌ലറ്റിക്‌സില്‍ 52.54 സെക്കന്റിനുള്ളില്‍ ഫിനിഷിങ് ലൈനില്‍ തൊട്ട് സ്വര്‍ണവും താരം നേടി.

17ന് നടന്ന ഗ്രാന്റ് പ്രിക്‌സ് താബോര്‍ ചെക് റിപ്പബ്ലിക്കില്‍ 23.43 സെക്കന്റു കൊണ്ട് അടുത്ത വെള്ളി വേട്ട നടത്തി. നോവേമെസ്റ്റോ ഗ്രാന്റ് പ്രിക്‌സ് ചെക് റിപ്പബ്ലിക്കില്‍ ഹിമാ ദാസിനു തൊട്ടു പിന്നാലെയാണ് 52.48 സെക്കന്റില്‍ 400 മീറ്ററിര്‍ ഫിനിഷ് ചെയ്തത്. 52.48 സെക്കന്റെന്ന വിസ്മയയുടെ പേര്‍സണല്‍ ബെസ്റ്റും ഈ മത്സരത്തിലാണ് പിറന്നത്.

2017ല്‍ ഗുണ്ടൂരില്‍ നടന്ന അന്തര്‍ സര്‍വകലാശാല മീറ്റില്‍ ഒളിമ്പ്യന്‍ ജിസ്‌നയെ അട്ടിമറിച്ച് 200 മീറ്ററില്‍ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് ഒരു മാസ് എന്‍ട്രിയായിരുന്നു കായികലോകത്തേക്ക് വിസ്മയ നടത്തിയിരുന്നത്. നാഷണല്‍- ഏഷ്യന്‍ ഗെയിംസിലേക്കുള്ള വാതില്‍ അവിടെ വിസ്മയക്കു മുന്നില്‍ തുറക്കുകയായിരുന്നു. പിന്നീട് ഒരു തിരിഞ്ഞു നോട്ടത്തിനു വഴിവയ്ക്കാതെയുള്ള വിജയത്തുടര്‍ച്ചയായിരുന്നു താരം നേടിയത്.

കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. അന്ന് റിലേയുടെ ആങ്കര്‍ പോര്‍ഷന്‍ ഓടിയെടുത്തത് വിസ്മയ ആയിരുന്നു. ഹിമാ ദാസ്, പൂവമ്മ, സരിതബെന്‍ എന്നിവരങ്ങിയ സംഘത്തില്‍ നിന്നായിരുന്നു ഗലീന ബുക്കാരിയ എന്ന ഇന്ത്യന്‍ ടീമിന്റെ കോച്ച് ആങ്കര്‍ പോര്‍ഷനിലേക്ക് വിസ്മയയെ തെരഞ്ഞെടുത്തിരുന്നത്. ആ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ഒരു വിസ്മയ വിജയം തന്നെയായിരുന്നു ഇന്ത്യയ്ക്ക് നേടിതന്നത്. ഒപ്പം മികച്ച ഒരു അത്‌ലറ്റിനേയും.

2019ല്‍ ദോഹയില്‍ വച്ചു നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ വിസ്മയ അടങ്ങിയ സംഘം വെള്ളി നേടിയിരുന്നു. വേള്‍ഡ് റിലേ 2019 യോക്കോഹാമയില്‍ 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് താരം പങ്കെടുക്കുകയുമുണ്ടായി. ഓരോ മത്സരത്തിലും തന്റെ തന്നെ മികച്ച സമയം കണ്ടെത്തിയാണ് വിസ്മയ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലൂടെ രാജ്യം കണ്ടെത്തിയ അത്‌ലറ്റിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച സ്വീകരണമാണ് നല്‍കിയിരുന്നത്. സ്വീകരണം കൊഴുപ്പിക്കാന്‍ ഗംഭീരന്‍ വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ താരത്തിനു നല്‍കിയിരുന്നു. വാടക വീടിനു പകരം വിസ്മയക്ക് സ്വന്തമായി ഒരു വീടു നിര്‍മ്മിച്ചു നല്‍കുമെന്നതായിരുന്നു ഇതില്‍ പ്രധാനം.

എന്നാല്‍ സ്വര്‍ണനേട്ടത്തിന്റെ കഥ മാധ്യമങ്ങള്‍ മറന്നു തുടങ്ങിയതോടെ ഈ വാഗ്ദാനങ്ങളൊക്കെയും കാറ്റില്‍ പറന്നു. മാത്രമല്ല ഏഷ്യന്‍ ഗെയിംസില്‍ വിസ്മയക്കൊപ്പം പങ്കെടുത്ത സഹതാരങ്ങള്‍ക്കെല്ലാം അതാത് സംസ്ഥാന സര്‍ക്കാരുകളിടപെട്ട് ജോലി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിസ്മയുടെ ജോലിക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മൗനം പാലിക്കുകയാണ്.

അന്താരാഷ്ട്ര മത്സര വേദികളില്‍ മലയാളിയുടെ അഭിമാനത്തിളക്കമാണിന്ന് വിസ്മയ. എന്നാല്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ താരത്തിന് വേണ്ടത്ര പരിഗണന കൊടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യങ്ങളില്‍ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷയിലാണ് വിസ്മയ.

രാജ്യത്തിനു വേണ്ടി നേട്ടം കൊയ്യുന്ന കായികതാരങ്ങളെ രാജ്യം തന്നെ തഴയുന്നത് എത്രമാത്രം ശരിയാണെന്നതില്‍ ഒരു തിരിഞ്ഞു നോട്ടം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായേ പറ്റൂ. അതും കായിക തലത്തില്‍ രാജ്യം മുന്നോട്ടു കുതിക്കുന്ന ഈ ഘട്ടത്തില്‍ കായികതാരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ തയ്യാറാകുകയാണ് വേണ്ടത്.

റിപ്പോർട്ട്: സന്ധ്യ മണികണ്ഠൻ

Top