നശിപ്പിച്ചു കളയും . . . രൗദ്രഭാവത്തോടെ പാക്കിസ്ഥാനോട് കരസേന മേധാവി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ തന്നെ ശക്തമായ തിരിച്ചടി നല്‍കിയ വ്യോമസേനയെ അഭിനന്ദിച്ച് മുന്‍ കരസേന മോധാവി വി.കെ.സിംഗ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യോമസേനയെ അഭിനന്ദിച്ചിരിക്കുന്നത്.

ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും കൂടുതല്‍ കഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അദ്ദേഹം പരുന്ത് പാമ്പിനെ റാഞ്ചുന്ന ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘അവര്‍ പറയുന്നു ഇന്ത്യയെ ആയിരം വെട്ടുവെട്ടി അതില്‍ നിന്ന് രക്തം വരണമെന്നാണ് ആഗ്രഹമെന്ന്. എന്നാല്‍, ഞങ്ങള്‍ പറയുന്നു നിങ്ങള്‍ ഓരോ തവണ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങള്‍ മറുപടി നല്‍കും’. വ്യോമാക്രമണം നടത്തിയ വ്യോമസേനാംഗങ്ങളെ അഭിനന്ദിക്കുന്നു, വി.കെ. സിംഗ് കുറിച്ചു.

പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് ഒരു ആക്രമണം നടത്തുന്നത് 47 വര്‍ഷത്തിന് ശേഷം ഇത് ആദ്യമാണ്.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു.

മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്. അനവധി പാക്ക് സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. നിരവധി കെട്ടിടങ്ങളും ആയുധകേന്ദ്രങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. വ്യോമസേനയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണ വിവരം പുറത്തു വിട്ടത്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഇന്ത്യ പാക്കിസ്ഥാന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top