ആശുപത്രിക്ക് സമീപം ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനം, രോഗികള്‍ക്ക് ബുദ്ധിമുട്ട്; ഇടപെട്ട് വി.കെ.പ്രശാന്ത്‌

തിരുവനന്തപുരം: ആശുപത്രിക്ക് സമീപം ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനം മുഴങ്ങിയതില്‍ ഇടപെട്ട് എം.എല്‍.എ വി.കെ പ്രശാന്ത്. സിപിഎം സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് ആശുപത്രിക്ക് മുമ്പില്‍ ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനം വെച്ചത്. ഇത് ആശുപത്രിയിലെ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അദ്ദേഹം ഇടപെട്ട് ഗാനം നിര്‍ത്തിവെക്കാന്‍ പറയുകയായിരുന്നു. ഫേസ്ബുക്കിലൂടെ മാധ്യമ പ്രവര്‍ത്തകനായ കെ. എ ഷാജിയാണ് പ്രശ്‌നത്തില്‍ ഇടപെട്ട വി.കെ പ്രശാന്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് കുരിപ്പിട്ടത്. ഇതോടെ ഈ കുറിപ്പ് വൈറലാവുകയായിരുന്നു.

ഒരു വലിയ മാതൃകയാണിതെന്ന് രോഗികളും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമെല്ലാം അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചു. തിരുത്താനുള്ള ആര്‍ജവം കാണിച്ച പ്രശാന്തിനും കഴക്കൂട്ടത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ചായിരുന്നു കുറിപ്പ്.

കെ.എ ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കഴക്കൂട്ടത്തെ എ ജെ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് കൂട്ടിരിക്കുന്ന ഒരു സുഹൃത്ത് അല്പം മുമ്പ് വിളിച്ചു. ഐ സി യു വില്‍ നിന്ന് റൂമിലേയ്ക്ക് മാറ്റിയതേയുള്ളു. വലിയ ശബ്ദ ശല്യമുണ്ടാക്കിക്കൊണ്ട് പുറത്ത് ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നു. വിപ്ലവഗാനങ്ങള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ വച്ചിരിക്കുകയാണ്. നല്ല പാട്ടുകളാണെങ്കിലും രോഗികള്‍ക്ക് അസ്വസ്ഥതയാകുന്നുണ്ട്. തന്റെ ബന്ധുവടക്കം നിരവധി രോഗികള്‍ അസ്വസ്ഥരാണെന്നും എന്ത് ചെയ്യണം എന്നും സുഹൃത്ത് ചോദിച്ചു. സി പി ഐ (എം) സംഘടിപ്പിക്കുന്ന ചടങ്ങാണ്. വൈകിട്ട് ആറുമണിക്കാണ് യോഗം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്. പാട്ട് രാവിലെ മുതല്‍ വച്ചിരിക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ഇത്തരം ബുദ്ധിമുട്ടുകള്‍ അറിയിച്ചാല്‍ അവയെ മധ്യവര്‍ഗ അരാഷ്ട്രീയതയാക്കി പുച്ഛിച്ചു തള്ളുകയാണ് പതിവ് എന്ന് പറഞ്ഞ് സുഹൃത്തിനെ പിന്തിരിപ്പിക്കാനാഞ്ഞതാണ്. പക്ഷെ പെട്ടെന്ന് ഒരു വീണ്ടുവിചാരത്തില്‍ വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്തിന്റെ നമ്പര്‍ കൊടുത്തു. വിളിച്ചു സംസാരിക്കാനും പറഞ്ഞു. എംഎല്‍എ സൗഹാര്‍ദ്ദപരമായി തനിക്ക് പറയാനുള്ളത് കേട്ടെന്നും പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞെന്നും സുഹൃത്ത് മെസേജ് അയച്ചതു വായിച്ചു കൊണ്ടിരിക്കെ അടുത്ത മെസേജ് വന്നു: അദ്ദേഹം വാക്കു പാലിച്ചു. പാട്ട് നിന്നു. രോഗികളും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമെല്ലാം എം എല്‍ എ യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പ്രശംസിച്ച് സംസാരിക്കുകയാണ്.
ഒരു വലിയ മാതൃകയാണിത്. തിരുത്താനുള്ള ആര്‍ജവം കാണിച്ച പ്രശാന്തിന് അഭിവാദ്യങ്ങള്‍. കഴക്കൂട്ടത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും.

Top