മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നെന്ന പ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധം: വി.ഡി.സതീശന്‍

satheeshan

കൊച്ചി: മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നെന്ന വ്യാജപ്രചാരണത്തിനെതിരേ കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍.

മകളുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ മകളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ പറഞ്ഞു.

എന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്നു രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ഇത് ശുദ്ധ അസംബന്ധമാണ്. അവള്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകയാണ്. കോളേജിലെ കെഎസ് യു യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്കു സൗജന്യമായി ട്യൂഷന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്- സതീശന്‍ പറയുന്നു.

താന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഈ പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ തന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തുന്ന സമയത്താണ് ഈ വിവാദങ്ങള്‍ക്കു മറുപടി പറയേണ്ടി വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തുന്നു.

Top